കോട്ടയം : മയക്കുമരുന്ന് മാഫിയക്ക് സാമ്പത്തിക സഹായം നല്‍കുന്ന യുവാവ് അറസ്റ്റില്‍. കൈപ്പുഴ സ്വദേശിയായ മൊസാര്‍ട്ടാണ് (22) പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സെക്കന്ദരാബാദിലെ ബഞ്ചാരഹില്‍സില്‍ നിന്ന് ഇയാളെ അറസ്റ്റുചെയ്‌തത്. ഇയാളെ സെക്കന്ദരാബാദില്‍ നിന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഒക്‌ടോബര്‍ 9ന് തലയോലപ്പറമ്പില്‍ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് സംഘത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് മൊസാര്‍ട്ടാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
മയക്കുമരുന്ന് സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്ന മറ്റ് അഞ്ച് പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ ഒരാളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തുടര്‍ന്നാണ് മൊസാര്‍ട്ടും പൊലീസ് പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍ എക്‌സൈസില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.
വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ്‌മുഖ് , എസ്.ഐ സജി കുര്യാക്കോസ്, സി.പി.ഒമാരായ മുഹമ്മദ് ഷെബിൻ, അഭിലാഷ്.പി.ബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.