ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് പർബത്ത് പ്രദേശത്ത് നാല് പേർ അടങ്ങുന്ന സംഘം ഒരാളെ കുത്തിക്കൊന്നു. സിഗററ്റിനായി പത്ത് രൂപ നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം ഉണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിജയ് എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. രവി, ജതിൻ, സോനു കുമാർ, അജയ് എന്നിവരാണ് അറസ്റ്റിലായത്. ജൂൺ അഞ്ചിനാണ് നാല് പ്രതികളും വിജയ് എന്ന യുവാവും തമ്മിൽ തർക്കം ഉണ്ടായത്. കൊലപാതക വിവരം പൊലീസ് അറിഞ്ഞത് തൊട്ടടുത്ത ദിവസമാണ്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യ വിവരങ്ങളുടെയും സഹായത്തോടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
കൊല്ലപ്പെട്ട വിജയ്‌യുടെ സമീപവാസിയാണ് പ്രതികളിലൊരാളായ സോനു. പ്രതികൾ അപ്പർ ആനന്ദ് പർബത്ത് ഭാഗത്തുനിന്നും വരികയായിരുന്നുവെന്നും എച്ച്ആർ റോഡിന് സമീപം ഗോവണിപ്പടിയിൽ ഇരിക്കുകയായിരുന്ന വിജയിയോട് സിഗററ്റിനായി 10 രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.