പാലക്കാട് : ഒരു വര്‍ഷം മുമ്പ് നടത്തിയ മോഷണത്തില്‍ പ്രതി പിടിയില്‍. മൈസൂർ മേട്ടുഹളളി ബിഎംസി നഗർ സ്വദേശി കുമരേശന്‍(30) ആണ് അറസ്റ്റിലായത്. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. മലമ്പുഴ കടുക്കാംകുന്നില്‍ കളരിക്കല്‍ വീട്ടില്‍ സൈനികനായ ഗണേശന്‍റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു.
ഗണേശന്‍റെ സഹോദരന്‍ പ്രസാദായിരുന്നു സംഭവ സമയത്ത് വീട്ടില്‍ താമസിച്ചിരുന്നത്. ഇയാള്‍ വീട്ടില്‍ നിന്ന് പുറത്ത് പോയ സമയത്താണ് കവര്‍ച്ച നടന്നത്. കുമരേശനും ചെന്നൈ സ്വദേശിയായ രവിയും ചേര്‍ന്നാണ് മോഷണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മലമ്പുഴ പൊലീസ് വിരലടയാളം കണ്ടെത്തി നാഷണല്‍ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയ്ക്ക് കൈമാറി.
also read: മോഷണം ആരോപിച്ച് തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
സ്ഥിരം മോഷ്ടാവായ കുമരേശന്‍ ദിവസങ്ങള്‍ക്ക് മുമ്പ് സമാന കേസില്‍ ദിണ്ടിവനം പൊലിസിന്‍റെ പിടിയിലായതോടെ ഇയാളുടെ വിരലടയാളം ദിണ്ടിവനം പൊലീസ് ബ്യൂറോയ്ക്ക് അയച്ചുകൊടുത്തു.വിരലടയാളത്തില്‍ സമാനതകള്‍ കണ്ടെത്തിയതോടെ പൊലീസ് ദിണ്ടിവനം പോയി പ്രതിയെ ഏറ്റുവാങ്ങി മലമ്പുഴയിലെത്തിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു.
കുമരേശന്‍ കൂട്ടുപ്രതിയാണെന്നും മുഖ്യപ്രതി രവി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ സ്ഥിരമായി മോഷണ മുതല്‍ വില്‍ക്കുന്ന കോഴിക്കോടുള്ള കടയിലെത്തി സ്വര്‍ണം വീണ്ടെടുത്തു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ കടലൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ, എസ്ഐമാരായ വിജയരാഘവൻ, ഉല്ലാസ് ബാബു, എസ്‌സിപിഒ സുജെ ബാബു, സിപിഒമാരായ അരുൺകുമാർ, പ്രസാദ്, ജംബു, മൻസൂർ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.