2022നെ സംബന്ധിച്ച് ഖത്തര്‍ ലോകകപ്പ് കാലമെന്നോ, കൊവിഡ് വീണ്ടും പിടിമുറുക്കിയ കാലമെന്നോ വിശേഷണങ്ങള്‍ പലതുമുണ്ടാകാം. എന്നാല്‍ ഇന്ത്യയേയും വിശിഷ്യ കേരളത്തെയും സംബന്ധിച്ച് ഇത് മഹാപാതകങ്ങളുടെ ഒരു കൊല്ലമായി അടയാളപ്പെടുത്താം. അക്രമങ്ങളോട് സമരസപ്പെടാതെ മുണ്ട് മുറുക്കിയുടുത്ത് അഹിംസയുടെ പാഠങ്ങള്‍ വിളംബരം ചെയ്‌ത് നടന്നു നീങ്ങിയ ലോകം കണ്ട ഏറ്റവും വലിയ അഹിംസാവാദിയും നമ്മുടെ രാഷ്‌ട്രപിതാവുമായ മഹാത്മാവ് കുറ്റകൃത്യങ്ങളെ വരച്ചിട്ട ഒരു വാചകമുണ്ട്: എല്ലാ കുറ്റകൃത്യങ്ങളും ഒരുതരം രോഗമാണെന്നും അതിനെ അങ്ങിനെ തന്നെ പരിഗണിക്കണമെന്നും. അങ്ങനെയെങ്കില്‍ 'മഹാവ്യാദി'കളുടെ ഒരു ഘോഷയാത്ര തന്നെയാണ് 2022 ല്‍ കടന്നുപോയത്.
ചോര ചിന്തുന്ന കൊലപാതകങ്ങളും ജീവഹാനിയോ ഗുരുതര പരുക്കുകളോ അവശേഷിപ്പിച്ച് പോകുന്ന അതിക്രമങ്ങളോ മാത്രമല്ല ക്രൂരകൃത്യങ്ങള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഒരു വ്യക്തിയുടെ സ്വൗര്യ ജീവിതത്തെ തടയുന്നതും അതിലേക്കുള്ള കടന്നുകയറ്റവും എല്ലാത്തിലുമുപരി കനത്ത ഒരു നോട്ടം പോലും ക്രൂരകൃത്യമായി ചേര്‍ത്തുവയ്‌ക്കാനാകും. സാഹചര്യവശാല്‍ മനുഷ്യമനസുകളെ മരവിപ്പിച്ച നീചകൃത്യങ്ങളെ പരിഗണിക്കുമ്പോള്‍ താരതമ്യേന ലഘുസ്വഭാവമുള്ള ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ഒരുപക്ഷെ ഏറ്റക്കുറച്ചില്‍ കണ്ടെന്നുവരാം. എന്നാലും അവ പൂര്‍ണമായും എഴുതിതള്ളുകയോ ന്യായീകരണങ്ങള്‍ പൂശി നിസാരവത്കരിക്കുകയോ സാധ്യമല്ല.
കൊന്നതും പാപം, തിന്നതും പാപം: മനുഷ്യരക്തം ഊറ്റിക്കുടിക്കുന്നവരെയും മനുഷ്യമാംസം ഭക്ഷിക്കുന്നവരെയും ദുര്‍മന്ത്രവാദികള്‍ ഉള്‍പ്പെട്ട യക്ഷിക്കഥകളിലും വൈദേശിക നോവലുകളിലും മാത്രമാണ് നാം കണ്ടിട്ടുള്ളത്. എന്നാല്‍ അഞ്ചാം നൂറ്റാണ്ടില്‍ ഊരിയെറിയപ്പെട്ട അന്ധവിശ്വാസം മുറുകെപ്പിടിച്ച് സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യപൂര്‍ണമായ ജീവിതവും ലഭ്യമാക്കുമെന്ന് കരുതി നരബലി നടത്തുകയും, മാംസം ഭക്ഷിക്കുകയും കുഴിച്ചിടുകയും ചെയ്‌ത ഇലന്തൂര്‍ നരബലി നടന്നത് ഈ 2022 ലാണ്. ഷാഫി എന്ന സൈക്കോപ്പാത്തായ വ്യാജസിദ്ധനും ഭഗവല്‍സിങ് ലൈല ദമ്പതികളും ഉള്‍പ്പെട്ട് നടത്തിയ ഈ ക്രൂരകൃത്യം സാക്ഷര കേരളത്തെ നടുക്കിയത് ചെറുതായല്ല. സിനിമാ മോഹവും മെച്ചപ്പെട്ട ജീവിതവും സ്വപ്‌നവും മുന്നില്‍ കണ്ട് ജീവിക്കുന്ന പാവങ്ങളെ പറഞ്ഞ് പറ്റിച്ച് കുരുതിക്കളത്തിലേക്കെത്തിച്ചാണ് സഹജീവി എന്ന പരിഗണന പോലുമില്ലാതെ ഇവര്‍ ഈ മഹാപാതകം ചെയ്യുന്നത്.
ഫോണ്‍ മാര്‍ഗം പരിചയപ്പെട്ട ഷാഫി എന്ന അപരിചിതനെ കണ്ണടച്ച് വിശ്വസിക്കുകയും അയാള്‍ ചൊല്ലിക്കൊടുത്ത ക്രൂരതകളെല്ലാം മടി കൂടാതെയുമാണ് ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും നടപ്പിലാക്കിയത്. ഒരുവേള വ്യാജ സിദ്ധനായ ഷാഫിയും ലൈലയും തമ്മിലുള്ള ശാരീരിക ബന്ധം പോലും തൊഴുകൈയോടെ നോക്കി നിന്ന് എല്ലാത്തിലും മുന്നിലുണ്ടായിരുന്ന ഭഗവല്‍ സിങിനെ പോലും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്നുമുള്ള വെളിപ്പെടുത്തല്‍ മൂക്കത്ത് വിരലുവച്ച് കേരളം കേട്ടതാണ്. പേരിന് അറ്റത്തുള്ള ജാതിവാലും സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റിലെ ജാതി കോളവുമെല്ലാം ഒഴിവാക്കി നവോത്ഥാനം സാധ്യമായതായി അവകാശപ്പെടുന്ന നാം ഓരോരുത്തര്‍ക്കുമുള്ള പാഠമാണ് ഷാഫിയും ഭഗവല്‍ സിങും ലൈലയും. അനാചാരങ്ങളെയെല്ലാം കണ്ണുകെട്ടി ഒഴിവാക്കി എന്നു പറയുമ്പോഴും അതിലും തീവ്രമായ അന്ധവിശ്വാസം പൂര്‍വാധികം ശക്തിയോടെ അവശേഷിക്കുന്നു എന്ന പാഠം.
പ്രണയം മൂലം 'കാമിനി' മൂലം: സ്‌നേഹവും വിശ്വാസവും ത്യാഗവും ഉള്‍പ്പെട്ട നല്ല മൂല്യങ്ങളുടെ ആകെത്തുകയാണ് പ്രണയം. ജീവിതാവസാനം വരെ കൂടെക്കാണുമെന്നുള്ള ഈ ഉടമ്പടിയില്‍ ചിലപ്പോഴെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും വില്ലന്മാരായെന്നും വരാം. അതുകൊണ്ടുതന്നെ മൊട്ടിട്ട മുഴുവന്‍ പ്രണയങ്ങളും തളിരിടാറില്ല. ഇത്തരം ഘട്ടങ്ങളിലെല്ലാം സങ്കടങ്ങള്‍ പിടിച്ചുകെട്ടി മുന്നോട്ടുപോകാനുള്ള ഊര്‍ജം സംഭരിച്ച് ഉഭയസമ്മത പ്രകാരം വേര്‍പിരിയാറാണ് പതിവ്. ചില മാനസിക വൈകൃതമുള്ളവര്‍ ഇതില്‍ വൈരാഗ്യം പൂണ്ട് പരസ്‌പരം കൊലപ്പെടുത്താനും ആസിഡ് ആക്രമണത്തിനുമെല്ലാം തുനിയും. എന്നാല്‍ തിരുവനന്തപുരം പാറശ്ശാലയില്‍ നടന്നത് ഇതൊന്നുമല്ല. ജീവന് തുല്യം സ്‌നേഹിച്ചവളുമായി പിരിഞ്ഞ് മാറിനിന്നവനെ ജീവിതത്തിലേക്ക് വീണ്ടും തിരികെവിളിച്ച് ബലിയര്‍പ്പിക്കുകയായിരുന്നു.
നാളെയെ മുന്നില്‍ക്കണ്ട് ജീവിക്കണമെന്ന് പഴമക്കാര്‍ പറയാറുള്ളത് പ്രാവര്‍ത്തികമാക്കി സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് ഗ്രീഷ്‌മയാണെന്ന് തന്നെ പറയാം. ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്നുള്ള ജോതിഷിയുടെ പ്രവചനവും വീട്ടുകാരുടെ വിശ്വാസവും അതേപടി വിഴുങ്ങി ആ മരണത്തിനുള്ള ഇരയെ തെരഞ്ഞെടുക്കുകയായിരുന്നു ഗ്രീഷ്‌മ. ഷാരോണുമായി വീണ്ടും അടുത്തതും താലികെട്ട് നാടകവും ഇതിലെ പെര്‍ഫക്ഷന് വേണ്ടിയായിരുന്നു. ജ്യൂസ് ചാലഞ്ചിലൂടെയും കഷായത്തിലൂടെയും വിഷം നിറച്ച് ഗ്രീഷ്‌മ കൊലപ്പെടുത്തിയത് ഷാരോണ്‍ എന്ന യുവാവിനെ മാത്രമല്ല പ്രണയത്തിലെ വിശ്വാസ്യതയ്‌ക്ക് കൂടിയാണ്. അതേസമയം ശരീരഭാഗങ്ങളെ വിഷം കീഴ്‌പ്പെടുത്തിയിട്ടും അവളെ കുറ്റപ്പെടുത്താതെയും ഒരാളോട് പോലും ചൂണ്ടിക്കാണിക്കാതെയുമിരുന്ന ഷാരോണിന് ഗ്രീഷ്‌മയോട് ഉണ്ടായിരുന്നതും ഇതേ 'പ്രണയം' തന്നെയായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം.
'പക'യെടുത്ത ജീവന്‍: പ്രണയബന്ധിതം, പ്രണയസുരഭിലം തുടങ്ങി കേള്‍വിക്ക് പോലും ആനന്ദം പകരുന്ന പദങ്ങള്‍ക്കൊപ്പം ഒരു അപശബ്‌ദമായി 'പ്രണയപ്പക' കയറിവന്നിട്ട് നാളുകള്‍ ഏറെയായിട്ടില്ല എന്നുതന്നെ പറയാം. നേടിയെടുക്കുന്നതിനൊപ്പം വിട്ടുകൊടുക്കല്‍ കൂടിയാണ് പ്രണയമെന്ന് ഭൂമിയോളം പഴക്കമുള്ള തത്വത്തെ പ്രണയപ്പക തകര്‍ത്തത് ചുരുങ്ങിയ കാലയളവ് കൊണ്ടാണ്. രണ്ടില്‍ ഒരാള്‍ക്ക് പ്രണയമില്ലാതിരിക്കുക, പരസ്‌പരമുള്ള സംശയങ്ങള്‍, വേര്‍പിരിയല്‍ തുടങ്ങി പ്രണയത്തെ അല്‍പമൊന്നു തളര്‍ത്തുന്നവ പോലും അംഗീകരിച്ചുകൊടുക്കാന്‍ കഴിയാത്തവരാണ് പ്രിയതമയ്‌ക്കും പ്രിയതമനും പിന്നില്‍ കൊലക്കത്തിയും ആസിഡും ആത്മഹത്യാഭീഷണിയുമായെല്ലാം കടന്നുകയറാന്‍ ശ്രമിക്കാറുള്ളത്. അത്തരത്തില്‍ പ്രണയപ്പകയെടുത്ത ഒന്നുതന്നെയാണ് കണ്ണൂര്‍ വള്ള്യായിയിലെ വിഷ്‌ണുപ്രിയയുടെ കൊലപാതകം (22-10-2022).
ബന്ധുവീട്ടില്‍ കല്യാണം കൂടാനെത്തിയ വിഷ്‌ണുപ്രിയയെ മുന്‍ കാമുകന്‍ ശ്യാംജിത്ത് അവിടേക്കെത്തിയാണ് കൊലപ്പെടുത്തുന്നത്. വസ്‌ത്രം മാറാന്‍ പോയ വിഷ്‌ണുപ്രിയയെ കൈയില്‍ കരുതിയ കത്തി, ചുറ്റിക, കയര്‍ എന്നിവ ഉപയോഗിച്ചാണ് പ്രതി വധിക്കുന്നത്. തുടര്‍ന്ന് യാതൊന്നും സംഭവിക്കാത്തത് പോലെ അച്ഛന്‍റെ ഹോട്ടലിലെത്തി ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ആദ്യം കുറ്റം നിഷേധിച്ച ശ്യാംജിത്ത്, വിഷ്‌ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്ന് മാസമായി തന്നെ പൂര്‍ണമായി അവഗണിച്ചതാണ് കൊലയിലേക്ക് എത്തിച്ചതെന്നുമാണ് പൊലീസിനോട് പറഞ്ഞത്.
കലഹം നീട്ടിയ മരണം: പ്രണയത്തിലെ കലഹങ്ങളും ദാമ്പത്യത്തിലെ തര്‍ക്കങ്ങളും കൊലയിലേക്ക് നയിച്ച് ഇന്ത്യയൊട്ടാകെ ഞെട്ടലോടെ കേട്ട മറ്റൊരു കൊലപാതകമാണ് ശ്രദ്ധ വാക്കറുടേത്. കോള്‍ സെന്‍റര്‍ ജീവനക്കാരിയായ ശ്രദ്ധയെ പങ്കാളി അഫ്‌താബ് പൂനാവാല കൊലപ്പെടുത്തിയ രീതി പോലും അത്രകണ്ട് ഭീതിയുളവാക്കുന്നതായിരുന്നു. കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്‌ണങ്ങളാക്കി വസതിയിലെ 300 ലിറ്റര്‍ ഫ്രിഡ്‌ജില്‍ മൂന്ന് ആഴ്‌ചയോളം സൂക്ഷിച്ച ശേഷം നഗരത്തിന്‍റെ പലഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു അഫ്‌താബ് എന്ന നരാധമന്‍ ചെയ്‌തത്.
ഇരുവരുമായുള്ള ബന്ധം അഫ്‌താബിന്‍റെ മാതാപിതാക്കള്‍ സമ്മതിച്ചതിനാലാണ് ഒരുമിച്ച് താമസം ആരംഭിച്ചതെന്നും എന്നാല്‍ താന്‍ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നും ശ്രദ്ധ മുമ്പ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പങ്കാളിയുടെ കൊലയിലേക്ക് നയിച്ചത് പെട്ടന്നുണ്ടായ ദേഷ്യമാണെന്നായിരുന്നു അഫ്‌താബിന്‍റെ കോടതിയിലുള്ള കുറ്റസമ്മതം. റിമാന്‍ഡ് കാലയളവിലും ജയിലിലേക്ക് മാറ്റിയപ്പോഴും സഹതടവുകാരോട് പോലും മിണ്ടാന്‍ കൂട്ടാക്കാതെ ഏകാന്തനായി ഇരുന്ന അഫ്‌താബ് എന്തെല്ലാമോ മറയ്‌ക്കാന്‍ ശ്രമിക്കുന്നതായും, അത് അയാളുടെ കുറ്റബോധമാണെന്നും രണ്ട് അഭിപ്രായങ്ങള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും അഫ്‌താബിന്‍റെ നീചകൃത്യത്തോട് മനുഷ്യമനസ്സാക്ഷി ഇന്നേവരെ മാപ്പുനല്‍കാന്‍ തയ്യാറായിട്ടില്ല.
കൊലകളിലും ട്രെന്‍ഡ് സെറ്ററോ?: മറ്റു ജീവജാലങ്ങളെ പോലെ തന്നെ അനുകരണം മനുഷ്യസ്വഭാവത്തിലും ഉള്‍പ്പെടുന്നു. മൂല്യവത്തായ മാനുഷിക ഗുണങ്ങള്‍ മുതല്‍ അതിനീചമായ പ്രവണതകള്‍ വരെ മനുഷ്യന്‍ ഒപ്പിയെടുക്കാറുമുണ്ട്. അക്രമങ്ങളിലും ക്രൂരകൃത്യങ്ങളിലും ഈ അനുകരണം കാണാനാകും. 'ദൃശ്യം' എന്ന മലയാള ബോക്‌സ്‌ഓഫീസില്‍ വന്‍ വിജയമായത് കഥാതന്തുവച്ചാണെങ്കിലും ചിത്രത്തിലെ കൊലപാതകവും അത് മൂടിവയ്‌ക്കുവാനുള്ള നായകന്‍റെ തത്രപ്പാടുമെല്ലാം അതേപടി പകര്‍ത്തിയ 'ദൃശ്യം മോഡല്‍' കൊലപാതകങ്ങളുടെ നിര തന്നെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമായി അരങ്ങേറിയിരുന്നു. വസ്‌ത്രങ്ങളിലും ജീവിതശൈലിയിലും കാലാതീതമായി 'ട്രെന്‍ഡ്' രൂപപ്പെടാറുണ്ടെങ്കിലും ക്രൂരകൃത്യങ്ങളെ സംബന്ധിച്ചും ഇത്തരത്തിലൊരു ട്രെന്‍ഡ് രൂപപ്പെടുന്നതായി മലയാളി മനസിലാക്കുന്നതും ഈ ഘട്ടത്തിലാണെന്ന് തോന്നുന്നു. കുറച്ചുനാളുകള്‍ക്കിപ്പുറം ക്രൂരകൃത്യങ്ങളിലെ ഈ ട്രെന്‍ഡ് പുനരാവിഷ്‌കരിക്കുന്നത് 'ശ്രദ്ധ വാക്കര്‍' കൊലപാതകമാണ്.
രാജസ്ഥാനില്‍ അച്ഛന്‍റെ സഹോദര ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് കഷ്‌ണങ്ങളാക്കി ഡല്‍ഹി ഹൈവേയ്‌ക്ക് സമീപം ഉപേക്ഷിച്ച സംഭവവും, യുപിയിലെ അസംഗഡില്‍ കാമുകന്‍ യുവതിയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി കിണറ്റില്‍ ഉപേക്ഷിച്ച സംഭവവും നിരന്തരമായി വഴക്കിടുമെന്ന് കാണിച്ച് മുന്‍ നേവി ഉദ്യോഗസ്ഥനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവവുമെല്ലാമായി സമാനരീതിയില്‍ ഇതിനോടകം രാജ്യത്ത് ആറോളം അരുംകൊലകളാണ് നടന്നത് എന്നത് മറ്റൊരു വസ്‌തുത.
'മാറ്റമില്ലാത്ത' അതിക്രമങ്ങള്‍: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. അബലയെന്നും എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനാകുമെന്നുമുള്ള ജീര്‍ണിച്ച ധാരണകളാണ് കൂടുതലായും ഇത്തരം സംഭവങ്ങളിലേക്ക് നീളുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞെന്നോ, 90 കാരിയെന്നോ വ്യത്യാസമില്ലാതെയുള്ള അതിക്രമങ്ങള്‍ കുറച്ചുവര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ധിച്ചതായി കാണാനാകും. ഒരുപക്ഷെ മുന്‍കാലങ്ങളില്‍ നടന്ന അക്രമസംഭവങ്ങളെക്കാള്‍ ക്രൂരമായ അതിക്രമങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും സാക്ഷിയായത് 2022 ആണെന്നും പറയാം.
കൂട്ടബലാത്സംഗം, ഹീനമായ കൊലപാതകശ്രമം എന്നീ വാര്‍ത്തകളെ മലയാളികള്‍ സമീപിക്കുന്നത് ഒരു പ്രത്യാശ വച്ചാണെന്ന് കാണാനാകും. സംഭവം അങ്ങ് യുപിയിലോ വടക്കേ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലോ ആകുമെന്നും, ആ പ്രദേശങ്ങളില്‍ സാക്ഷരതയില്‍ വന്ന കുറവാണെന്നുമുള്ള വാദമുഖങ്ങള്‍ ഉയര്‍ത്തി 'ടിപ്പിക്കല്‍' മലയാളി ബാധ്യത നാം നിറവേറ്റാറുണ്ട്. എന്നാല്‍ ഓടുന്ന കാറില്‍ 19 കാരിയായ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് ഈ നവംബര്‍ മാസത്തില്‍ സാക്ഷര കേരളത്തിന്‍റെ ഐടി ഹബ്ബായ കൊച്ചിയില്‍ വച്ചാണ് (17-11-2022).
അക്ഷരത്തിലൊതുങ്ങുന്ന 'സാക്ഷരത': തേവരയിലെ ഡിജെ പാര്‍ട്ടിക്കെത്തി മദ്യലഹരിയിലായ യുവതിയെ വാഹനത്തില്‍ കയറ്റികൊണ്ടുപോയാണ് സംഘം പീഡനത്തിനിരയാക്കിയത്. മോഡലിങ് രംഗത്തുള്ള രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംപയുടെ ക്ഷണപ്രകാരമാണ് യുവതി പാര്‍ട്ടിക്കെത്തിയതെന്നും മദ്യപിച്ച് അവശയായ യുവതിയെ ഇവര്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം വാഹനത്തില്‍ കയറ്റിവിടുകയായിരുന്നുവെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ക്രൂരകൃത്യം തെളിയുന്നതും തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, ടിആര്‍ സുധീപ്, നിധിന്‍ മേഘനാഥന്‍ എന്നിവര്‍ പിടിയിലാകുന്നതും.
കേരളത്തില്‍ നിന്ന് അല്‍പം മാറി മഹാരാഷ്‌ട്രയിലേക്ക് കടന്നാല്‍ മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി യുവതി കൂട്ടബലാത്സംഗത്തിനിരയാക്കുന്നതും ഇതേ ദിവസങ്ങളിലാണ്. പ്രദേശവാസികളായ പ്രതികള്‍ പുലര്‍ച്ചയോടെയാണ് 42കാരിയായ യുവതിയുടെ വീട്ടിലേക്ക് കടന്നുകയറുന്നതും ക്രൂരമായ പീഡനത്തിനിരയാക്കുന്നതും. തുടര്‍ന്ന് യുവതിയെ മൂര്‍ച്ഛയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തു. പീഡനം വീഡിയോയായി ചിത്രീകരിച്ച പ്രതികള്‍ പൊലീസിനെ സമീപിച്ചാല്‍ അത് പ്രചരിപ്പിക്കുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി അയല്‍വാസികളെ സംഭവമറിയിക്കുകയും ഇവര്‍ ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിക്കുകയുമായിരുന്നു.
സൗഹൃദം മറന്ന ക്രൂരത: കുറ്റകൃത്യങ്ങള്‍ക്ക് പ്രായം തടസമാകുന്നില്ല എന്നതുപോലെ കുറ്റവാളികള്‍ക്കും പ്രായംഭേദമില്ല എന്നാണ് ഹൈദരാബാദിലെ സംഭവവും വിരല്‍ ചൂണ്ടുന്നത്. ഹൈദരാബാദ് ഹയാത്ത്‌നഗറില്‍ പത്താംക്ലാസുകാരിയെ സഹപാഠികളായ അഞ്ച് വിദ്യാര്‍ഥികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുന്നത് ഓഗസ്‌റ്റിലാണ്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സംഭവം പുറംലോകമറിഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമെന്നും കുറ്റവാളികള്‍ ഭീഷണി മുഴക്കി. നാളുകള്‍ക്കിപ്പുറം പീഡനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നവംബറിലാണ് പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുന്നതും സംഭവത്തില്‍ പൊലീസ് ഇടപെടുന്നതും.
'പോക്‌സോ' കെടുത്തുന്ന ബാല്യങ്ങള്‍: വ്യക്തിജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ ലഭിക്കേണ്ട കാലമാണ് ശൈശവവും ബാല്യവും. കണ്ണില്‍ കാണുന്നതും അനുഭവിക്കുന്നതും മനസില്‍ തറയ്‌ക്കുന്ന ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് ശരിയായ സ്‌നേഹവും പരിലാളനയും പരിചരണവും ലഭിക്കേണ്ടതുണ്ട്. ഇതിന് വിരുദ്ധമായി അതിക്രമങ്ങളും ക്രൂരതകളും കണ്ടും കൊണ്ടും വളരുന്ന ബാല്യങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിലും അവ മുഴച്ചുനില്‍ക്കും. നിലവില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം റിപ്പോര്‍ട് ചെയ്യാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തത് 6,939 പോക്‌സോ കേസുകളാണ്. ഇവ രജിസ്‌റ്റര്‍ ചെയ്‌തവയാണെന്ന് പരിഗണിച്ചാല്‍ എഴുതിച്ചേര്‍ക്കപ്പെടാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് തീര്‍ച്ചയാണ്. രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ 4.49 ശതമാനം മാത്രമാണ് തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്‌തിട്ടുള്ളത്. വ്യാജ പോക്‌സോ പരാതികള്‍ ഉയരുന്നുവെന്ന് ആരോപണമുണ്ടെങ്കിലും സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നതില്‍ തര്‍ക്കമില്ല. പോക്‌സോ കേസുകളില്‍ പ്രതികളെ ശിക്ഷിക്കുന്നതില്‍ കേരളം മുന്നിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും കേസ് തീര്‍പ്പാക്കുന്നതില്‍ സംസ്ഥാനം പുറകോട്ട് പോയെന്ന് കണക്കുകള്‍ പറയുന്നു. അതേസമയം ഇത്തരം കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ചണ്ഡീഗഡും പശ്ചിമ ബംഗാളും മുന്നിലാണെങ്കിലും ഇവിടങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിനെക്കാള്‍ കുറ്റവിമുക്തരാക്കപ്പെടുന്നു എന്നുള്ളത് മറ്റൊരു വിരോധാഭാസം.
ക്രൂരത മൊട്ടിനോടും: 2022 ലേക്ക് കടന്നാല്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ പട്ടികയും വളരെ വലുതാണ്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിര്‍മാണ പ്രവൃത്തികളിലേര്‍പ്പെടുന്ന ദമ്പതികള്‍ സമീപത്തെ താമസ സ്ഥലത്ത് പാലൂട്ടി ഉറക്കിയ രണ്ടരവയസുകാരിയെ മാതാപിതാക്കള്‍ക്കൊപ്പം ജോലി ചെയ്യുന്ന 42 കാരന്‍ പീഡനത്തിനിരയാക്കിയ സംഭവം നടക്കുന്നത് നവംബറിലാണ്. താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്യുന്നത്. ജോലികഴിഞ്ഞെത്തിയ മാതാപിതാക്കള്‍ ചോരയില്‍ കുളിച്ചനിലയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതും പ്രതി പിടിയിലാകുന്നതും ഇതിനുപിന്നാലെയാണ്.
സര്‍വത്ര ക്രൂരം: പ്രലോഭനങ്ങള്‍ തളര്‍ത്താത്ത മനുഷ്യര്‍ കുറവാണ്. മുതിര്‍ന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രലോഭനങ്ങള്‍ക്ക് ഇത്രകണ്ട് സ്വാധീനമുണ്ടെങ്കില്‍ കുട്ടികളുടേത് പറയേണ്ടതില്ല. 2022 ഒക്‌ടോബറിലാണ് ഹൈദരാബാദില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍റെ ഡ്രൈവര്‍ നാല് വയസുകാരിയെ മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നത്. പ്രധാനാധ്യാപകന്‍റെ മുറിയുടെ എതിര്‍വശത്തുള്ള ഡിജിറ്റല്‍ ലാബില്‍ വച്ചാണ് 36കാരനായ പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടി താന്‍ നേരിട്ട പീഡനാനുഭവം അമ്മയോട് പറയുകയായിരുന്നു. തൊട്ടടുത്ത ദിവസം സ്‌കൂളിലെത്തി ഇയാളെ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുന്നതും ഇയാള്‍ അറസ്‌റ്റിലാകുന്നതും. അതിനിടെ കുട്ടിയുടെ മാതാപിതാക്കള്‍ പ്രതിയെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളുും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ പട്ടിക ഇവിടം കൊണ്ടും തീരുന്നില്ല. മഹാരാഷ്‌ട്രയിലെ റായ്‌ഗഡില്‍ ഫ്ലാറ്റില്‍ ജോലിക്കെത്തിയ 19കാരനായ എസി മെക്കാനിക്ക് അഞ്ച് വയസുകാരിയെ ലിഫ്‌റ്റില്‍ വച്ച് ക്രൂര പീഡനത്തിനിരയാക്കിയതും, കണ്ണൂരില്‍ ഒമ്പതാം ക്ലാസുകാരനായ 14കാരനെ 45കാരനായ പ്രതി കഞ്ചാവ് നല്‍കി പീഡിപ്പിച്ചതിനും 2022 സാക്ഷിയാണ്. ഇതുകൂടാതെ കൊച്ചി കലൂര്‍ ആസാദ് റോഡിലൂടെ നടന്നുനീങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശിനിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ആണ്‍സുഹൃത്ത് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും, പുതുച്ചേരി കാരയ്‌ക്കലില്‍ പഠനത്തില്‍ മകളെക്കാള്‍ മാര്‍ക്ക് നേടിയ എട്ടാം ക്ലാസുകാരനായ സഹപാഠിയെ അമ്മ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതും ഉള്‍പ്പടെ 2022 നെ ചരിത്രത്തില്‍ ചോരയില്‍ അടയാളപ്പെടുത്തി തന്നെയാണ് കാലം കടന്നുപോയത്.
2022, ഒരു പരത്തി വായന: അതേസമയം 2022നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ക്രൂരകൃത്യങ്ങളെ മാത്രം പരിഗണിച്ച് പോകുന്നതും അപൂര്‍ണമാകും. ചരിത്രം അടയാളപ്പെടുത്തിയ ക്രൂരതകള്‍ക്ക് വിടുതലോ ശിക്ഷയോ നല്‍കിയ വര്‍ഷം കൂടിയാണ് 2022. ഇതില്‍ നിയമം മാപ്പുനല്‍കി പുറംലോകത്തേക്ക് അയച്ചവരും, നീതിവ്യവസ്ഥ കുറ്റം കണ്ടെത്തി അഴികള്‍ക്കുള്ളിലേക്ക് തള്ളിയിവിട്ടവരുമുണ്ട്. അത്തരത്തിലൊന്നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറ് പ്രതികളെ പരമോന്നത നീതിപീഠം വിടയച്ചത്.
നീതി'വെളിച്ചം കണ്ടവര്‍': 1991 മെയ് 21 ന് രാത്രി തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തുടര്‍ന്ന് പ്രതികള്‍ പിടിയിലായി. കേസിലെ പ്രതികള്‍ 30 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചുവെന്നും ഇവരുടെ പെരുമാറ്റം തൃപ്‌തികരമായിരുന്നുവെന്നും നിരീക്ഷിച്ചായിരുന്നു നവംബര്‍ 11 ന് തമിഴ്‌നാട് സ്വദേശികളായ നളിനി, ആര്‍പി രവിചന്ദ്രന്‍, ശ്രീലങ്കന്‍ പൗരന്മാരായ നളിനിയുടെ ഭര്‍ത്താവ് വി ശ്രീഹരന്‍ എന്ന മുരുകന്‍, ശാന്തന്‍, റോബര്‍ട് പയസ്, ജയചന്ദ്രന്‍ എന്നീ ആറുപേരെ കോടതി വെറുതെവിട്ടത്. കേസില്‍ മറ്റൊരു പ്രതിയായിരുന്ന പേരറിവാളനെ സുപ്രീംകോടതി മെയ് മാസത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു.
അഴിയിലേക്കുള്ള വഴി: എന്നാല്‍ തിരുവനന്തപുരം കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിക്കുന്നത് ഈ വര്‍ഷം തന്നെയാണ്. കേരളത്തിലെത്തിയ ലാത്വിയന്‍ സ്വദേശിനിയായ ലിവേഗ എന്ന യുവതിയെ 2018 മാര്‍ച്ച് 14 നാണ് കാണാതാകുന്നത്. പിന്നീട് 37 ദിവസങ്ങള്‍ക്ക് ശേഷം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് വിദേശ വനിതയാണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കോവളം ബീച്ചിന് സമീപം വാഴമുട്ടത്തെ ക്ഷേത്ര ഓഡിറ്റോറിയത്തിലെത്തിയ യുവതിയെ ടൂറിസ്‌റ്റ് ഗൈഡ് ചമഞ്ഞ് പ്രതികളായ ഉമേഷും സുഹൃത്തായ ഉദയകുമാറും കൂട്ടികൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തുന്നത്.
കൂട് വിട്ട് 'സര്‍പ്പവും': സിനിമകളെയും നോവലുകളെയും വെല്ലുന്ന രീതിയില്‍ ജീവിച്ച് അനൗദ്യോഗിക കണക്കുകള്‍ പ്രകാരം നാല്‍പതോളം അരുംകൊലകള്‍ നടത്തിയ സീരിയല്‍ കില്ലര്‍ ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ബവ്‌നാനി എന്ന ചാള്‍സ് ശോഭരാജ് ജയില്‍മോചിതനാകുന്നതും 2022 ന്‍റെ അവസാന ദിനങ്ങളിലായാണ്. 1972നും 76നുമിടയില്‍ 24 ഓളം കൊലപാതകങ്ങള്‍ നടത്തിയ ഫ്രഞ്ച് പൗരനായ ശോഭരാജ് 1976 മുതല്‍ 97 വരെ ഇന്ത്യന്‍ ജയിലറകളില്‍ കഴിഞ്ഞു. ക്രൂരമായ മനോവൈകൃതത്തെ കൂട്ടുപിടിച്ച് ശോഭരാജ് നടത്തിയ ക്രൂരകൃത്യങ്ങളിലൂടെ അയാള്‍ ലോകത്തിന് മുന്നില്‍ ബിക്കിനി കില്ലറും സാത്താന്‍റെ രൂപമായ സെര്‍പന്‍റുമായി.
ജയില്‍ മോചിതനായി പാരിസിലേക്ക് മടങ്ങിയ ശോഭരാജ് 2003 ല്‍ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ സന്ദര്‍ശനത്തിനെത്തിയ രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് വീണ്ടും പിടിയിലാകുന്നതും ജയിലേക്കെത്തുന്നതും. എന്നാല്‍ ശിക്ഷയുടെ 95 ശതമാനവും ഇതിനകം പൂർത്തിയാക്കിയെന്നതും ആരോഗ്യസ്ഥിതിയും പരിഗണിച്ച് 78 കാരനായ ചാള്‍സ് ശോഭരാജിനെ ഡിസംബര്‍ 23 നാണ് നേപ്പാള്‍ സുപ്രീംകോടതി മോചിപ്പിക്കുന്നത്. ജന്മനാടായ ഫ്രാന്‍സിലേക്ക് മടങ്ങുന്നതിന് എമിഗ്രേഷന്‍ വകുപ്പിന് കൈമാറി അദ്ദേഹത്തിന് തുടര്‍ന്ന് നേപ്പാളിലേക്കുള്ള പ്രവേശനവും നിഷേധിച്ചിട്ടുണ്ട്.