ഇടുക്കി: സ്വന്തം ബൈക്ക് കത്തിച്ച ശേഷം പൊലീസില്‍ പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി. നെടുങ്കണ്ടം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോണ്‍, പ്രവര്‍ത്തകരായ റോബിന്‍, അമല്‍ എന്നിവരെ പാര്‍ട്ടി അംഗത്വത്തില്‍ പുറത്താക്കി. പ്രവര്‍ത്തകരായ പിടി ആന്‍റണിയെയും ജോസിയെയും ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു.
പുതുവത്സര ദിനത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഷാരോണിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയും വാഹനം കത്തിക്കുകയും മാല മോഷ്‌ടിക്കുകയും ചെയ്‌തതായാണ് പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടിയിലെ ചേരിപ്പോരാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കത്തിച്ചത് ഷാരോണ്‍ തന്നെയാണെന്ന് കണ്ടെത്തിയത്. നഷ്‌ടപ്പെട്ടെന്ന് പറഞ്ഞ മാല ധനകാര്യ സ്ഥാപനത്തില്‍ ഇയാള്‍ പണയം വെച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ പാർട്ടി നടപടിയെടുത്തത്.
ഷാരോണ്‍, റോബിന്‍, അമല്‍ എന്നിവര്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ജില്ല കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി.