കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റ് കെ.ബാലകൃഷ്‌ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികൾക്കെതിരെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേർത്ത് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് കെ. ബാലകൃഷ്‌ണ ഷെട്ടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കോഴ ലഭിച്ചുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥി കെ.സുന്ദരയെ കേസിൽ നേരത്തെ കോടതി വിസ്‌തരിച്ചിരുന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ഇദ്ദേഹത്തിന് രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
കഴിഞ്ഞ വർഷം ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കേസിൽ മുഖ്യ പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്‍റ് കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ അന്വേഷണം പൂര്‍ത്തിയാക്കിയത്.
കോഴ നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പുറമെ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. കെ.സുന്ദര പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആളായതിനാലാണ് എസ്‍സി - എസ് ടി അതിക്രമം തടയൽ നിയമ പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തിയത്. അതേ സമയം കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
also read: തെരഞ്ഞെടുപ്പ് കോഴ; ആരോപണം നിഷേധിച്ച് കെ. സുരേന്ദ്രൻ