പാലക്കാട്: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 37 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അയിലൂർ തിരിഞ്ഞക്കോട് പട്ടികജാതി കോളനിയിൽ പ്രസാദിനെയാണ്(28) ഫസ്റ്റ് അഡിഷണൽ സെഷൻസ് പോക്സോ കോടതി ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് ഉചിതമായ നഷ്‌ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു.
2020 ജനുവരിയിലാണ് പീഡനം നടന്നത്. പെൺകുട്ടിയെ അയൽവാസിയായ പ്രസാദ് കുത്തിവയ്‌പ് എടുക്കാൻ ആശുപത്രിയിൽ കൊണ്ടുപോകാനാണെന്ന് പറഞ്ഞ് അധ്യാപകനെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് കൊടുത്ത ശേഷമാണ് ലൈംഗിക അതിക്രമം നടത്തിയത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
ആലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് സിഐ ബോബിൻ മാത്യു അന്വേഷിച്ച് കുറ്റംപത്രം സമർപ്പിച്ചു. പോക്സോ കോടതി ജഡ്‌ജി ടി സഞ്‌ജുവാണ് ഉത്തരവിട്ടത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസീക്യൂട്ടർ പി സുബ്രഹ്മണ്യൻ ഹാജരായി.