നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര) : കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ ഓഫിസിലേക്ക് ഭീഷണി കോളുകള്‍. നിതിൻ ഗഡ്‌കരിയുടെ നാഗ്‌പൂരിലെ ഓഫിസിലേക്ക് ശനിയാഴ്‌ച രാവിലെ 11.30 നും 11.40 നും ഇടയിലാണ് മൂന്ന് ഭീഷണി കോളുകള്‍ എത്തിയത്.അജ്ഞാതര്‍ പണം ആവശ്യപ്പെട്ടെന്നും വധഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ അദ്ദേഹത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. മന്ത്രിയുടെ ഓഫിസിലും ഗഡ്‌കരിയുടേതായി ഇന്ന് നടക്കാനിരിക്കുന്ന പരിപാടികളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. കോള്‍ ഡാറ്റ റെക്കോഡ്‌സ് ശേഖരിച്ചെന്നും ഇത് മുന്‍നിര്‍ത്തി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്നും നാഗ്‌പൂർ ഡിസിപി രാഹുൽ മദനെ പറഞ്ഞു.
ഭീഷണി കോളുകള്‍ എത്തിയതോടെ മന്ത്രിയുടെ ഓഫിസ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. മകര സംക്രാന്തി ആഘോഷത്തിനായി മന്ത്രി നിലവില്‍ നാഗ്‌പൂരിലാണുള്ളത്. കഴിഞ്ഞദിവസം ഗ്രേറ്റർ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023 അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തിരുന്നു.
നിലവില്‍ 7.5 ലക്ഷം കോടിയുടെ ഓട്ടോമൊബൈൽ വ്യവസായം വിപണിയില്‍ 50 ലക്ഷം കോടി രൂപയായി വികസിപ്പിച്ച് ആഗോളതലത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈൽ നിർമാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ അറിയിച്ചിരുന്നു.