ഇടുക്കി: സർക്കാർ ഉത്തരവ് മറികടന്ന് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ പന്നിയെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി. കേരളത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിര്‍ത്തിവഴി പന്നികളെയോ മാംസമോ കടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ജില്ലയിൽ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക്‌പോസ്‌റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു.
പുലര്‍ച്ച പിക്അപ് വാഹനത്തില്‍ വാഴയിലകൊണ്ട് മറ ഉണ്ടാക്കി ഇതിനുള്ളില്‍ പന്നികളെ കടത്തിയ വാഹനമാണ് പിടിയിലായത്. വാഴക്കുലയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വാഴയിലകൊണ്ട് മറ ഉണ്ടാക്കിയത്. ഇന്ന് പുലര്‍ച്ച നാലോടെ (30.07.2022) നിരീക്ഷണം നടത്തിയ ഉദ്യോഗസ്ഥരാണ് വാഹനം പിടികൂടിയത്.
വാഹനത്തില്‍നിന്ന് പന്നിയുടെ കരച്ചില്‍ കേട്ട ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍നിന്ന് മാങ്കുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന പത്തോളം പന്നികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പന്നിയെ കടത്തിക്കൊണ്ടുവന്നവരെ താക്കീത് നല്‍കി തിരിച്ചയച്ചു.
പന്നിപ്പനി മറ്റു ജില്ലകളിലേയ്ക്കും പടരാതിരിക്കുവാന്‍ കനത്ത ജാഗ്രതയാണ് മൃഗസംരക്ഷണ വകുപ്പ് പുലര്‍ത്തുന്നത്. ബോഡിമെട്ടിന് പുറമെ കമ്പംമെട്ട്, കുമളി, മറയൂര്‍ ചെക്ക് പോസ്‌റ്റുകളിലും കര്‍ശന പരിശോധന നടത്തുന്നുണ്ട്. അതേസമയം ബോഡിമെട്ടില്‍ മൃഗസംരക്ഷണ വകുപ്പിന് ചെക്‌പോസ്‌റ്റ് ഇല്ലാത്തത് വാഹന പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥയിലും ഉദ്യോഗസ്ഥര്‍ സ്വന്തം വാഹനങ്ങളിലാണ് വാഹനപരിശോധന നടത്തുന്നത്.