പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് പണം തട്ടിയ കേസിൽ ബെംഗളുരുവിൽ അറസ്റ്റിലായ പ്രതി വിജീഷ് വർഗീസിനെ പത്തനംതിട്ടയിലെത്തിച്ചു. ബാങ്കിലെ കാഷ്യറായിരുന്ന പ്രതി 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ കുടുംബത്തിനൊപ്പം ഒളിവിൽ പോയത്. ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തട്ടിയെടുത്ത പണം പ്രതി ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ വിശദമായ ചോദ്യം ചെയ്യലിലേ വ്യക്തമാകു എന്നും ജില്ലാ പൊലീസ് ചീഫ് ആർ.നിശാന്തിനി അറിയിച്ചു. ക്രൈം ബ്രാഞ്ചിനാണ് കേസിന്‍റെ തുടർ അന്വേഷണത്തിന്‍റെ ചുമതല.
Read More: കാനറാ ബാങ്ക് തട്ടിപ്പ് കേസ് ; പ്രതി പിടിയിൽ
ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു. ദീർഘകാല നിക്ഷേപങ്ങളിൽ കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്‌ഫര്‍ (എന്‍ഇഎഫ്‌ടി) സംവിധാനം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് നമ്പരും ഐഎഫ്‌എസ്‌ഇ കോഡും യോജിക്കുന്നെങ്കില്‍ അക്കൗണ്ട് ഉടമയുടെ പേര് പരിഗണിക്കാതെ തന്നെ ഈ സംവിധാനം വഴി പണം പിന്‍വലിക്കാം.
ബാങ്കുകളില്‍ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകള്‍ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകിട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്‍റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിരുന്നില്ല.
സ്ഥിര നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരില്‍ നിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്‍റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയര്‍ന്ന തസ്‌തികയിലുള്ളവരുടെ പാസ്‌വേഡ് മനസിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങൾ.
തട്ടിയെടുത്ത പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് നിക്ഷേപിച്ചത്. ഭാര്യയുടെ അക്കൗണ്ടിലേക്ക് മാത്രം 39 തവണയാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. സ്വന്തം അക്കൗണ്ടിലേക്ക് 68 തവണയും പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇയാളുടെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചു. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്തു വരും. സംഭവത്തിൽ ബാങ്ക് മാനേജരടക്കം അഞ്ചു ജീവനക്കാരെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു.