ധാര്‍ (മധ്യപ്രദേശ്): വരന്‍ അല്‍പ്പം പരിഷ്കാരിയാണ്. വിവാഹത്തിനെത്തിയത് ഷെര്‍വാണി ധരിച്ച്. പക്ഷേ വധുവിന്‍റെ വീട്ടുകാര്‍ക്ക് സംഗതി ദഹിച്ചില്ല. അതോടെ വിവാഹ വേദി യുദ്ധക്കളമായി. വാക്കേറ്റം കൈയാങ്കളിയായി. ഒടുവില്‍ 4 പേര്‍ പരിക്കേറ്റ് ആശുപത്രിയിലുമായി. പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തിലെ വിവാഹച്ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിവാഹച്ചടങ്ങില്‍ വരന്‍ ധോത്തി ധരിക്കാതെ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
വരന്‍ ഷെര്‍വാണി ധരിച്ചെത്തിയത് ആദ്യമൊന്നും വധുവിന്‍റെ ബന്ധുക്കള്‍ അത്ര ഗൗനിച്ചില്ല. ഗോത്ര പാരമ്പര്യമനുസരിച്ച് വിവാഹ ചടങ്ങുകളില്‍ വരന്‍ ധോത്തിയും കുര്‍ത്തയും ധരിക്കണമെന്ന് വധുവിന്‍റെ ചില ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചു. ഇതിനെ ചൊല്ലി വാക്കേറ്റം തുടങ്ങി. ഇതാണ് കൈയേറ്റത്തിലെത്തിയത്. വരന്‍റെ ബന്ധുക്കളില്‍ ഒരാള്‍ക്ക് നേരെ വധുവിന്‍റെ ബന്ധു കല്ലെറിഞ്ഞതോടെയാണ് പ്രശ്‌നം വശളായത്.
തുടര്‍ന്ന് ഇരുകൂട്ടരും വടികള്‍ ഉപയോഗിച്ച് പരസ്‌പരം മര്‍ദിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞെത്തിയ ധംനോദ് പൊലീസ് ഇരു കുടുംബങ്ങള്‍ക്കെതിരെയും കേസെടുത്തു. കേസെടുത്തതോടെ സ്ത്രീകളടക്കമുള്ളര്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം നടത്തി. തുടര്‍ന്ന് ഇരു വിഭാഗത്തേയും പൊലീസ് അനുനയിപ്പിച്ചു. വൈകുന്നേരത്തോടെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വരനും സംഘവും വധുവുമായി മടങ്ങി.