എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഒരാള്‍ പിടിയില്‍. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബൈയ് വഴി ഭാര്യക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാനെത്തിയ മമ്മൻ ജോസഫാണ് (63) വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. വിമാനത്താവളത്തിലെ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.
സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ച് ചോദിച്ചത് മാമ്മൻ ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നൽകുകയായിരുന്നു.
സി.ഐ.എസ്.എഫിന്‍റെ നേതൃത്വത്തിൽ ദമ്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തി. സംഭവത്തെ തുടര്‍ന്ന് ഇരുവരും യാത്ര ചെയ്യുന്നത് പൊലീസ് വിലക്കി. ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാണ് ദമ്പതികളായ ഇരുവരും ദുബായ് വഴി ഓസ്ട്രേലിയയിലേക്ക് പോകാൻ എത്തിയത്.
സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
also read:ബോംബ് ഭീഷണി വ്യാജം, ശബരി എക്‌സ്‌പ്രസ് പുറപ്പെട്ടു.. പരിശോധനയുടെ ദൃശ്യങ്ങൾ