മുംബൈ : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മറ്റുള്ള പ്രതികള്‍ക്ക് നല്‍കുന്ന പോലെ തന്നെയാണ് ആര്യന്‍ ഖാനും കൗണ്‍സിലിങ് ഏര്‍പ്പെടുത്തിയതെന്ന് ആന്‍റി നാര്‍കോട്ടിക്സ് സ്ക്വാഡ് (NCB) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ.
കേസിലെ എല്ലാ കുറ്റവാളികള്‍ക്കും കൗണ്‍സിലിങ് ബാധകമാണ്. ചെറുപ്പകാലത്ത് തന്നെ യുവാക്കള്‍ മയക്കുമരുന്നിന് അടിമപ്പെടുന്നുവെന്നും, ഇതില്‍ നിന്നും അവരെ മുക്തരാക്കണമെന്നും അതുകൊണ്ടാണ് കൗണ്‍സില്‍ നല്‍കുന്നതെന്നും ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ് ഷാരൂഖ് ഖാന്‍റെ മകനുള്ളത്. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കണമെന്നും ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ആര്യന്‍ ഖാന്‍ കൗണ്‍സിലിങ്ങിനിടെ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒക്ടോബര്‍ രണ്ടിന് ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായ രണ്ട് വനിതകള്‍ ഉള്‍പ്പടെ എട്ട് പേരെയും കൗണ്‍സിലിങ്ങിന് വിധേയരാക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്‍റ്, മന്‍മന്‍ ദമെച്ച എന്നിവരുടെ ജാമ്യാപേക്ഷകളില്‍ ഒക്ടോബര്‍ 20ന് കോടതി വിധി പറയും. മയക്കുമരുന്ന് അനധികൃതമായി വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് ആര്യന്‍ ഖാന്‍റെ പേരിലുള്ള കുറ്റം. ആര്യന്‍ ഖാന്‍ അര്‍ബാസില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങാറെന്നും എന്‍സിബി അറിയിച്ചു.
ഒക്ടോബര്‍ 15ന് ആര്യന്‍ ഖാനെ ഷാരൂഖ് ഖാനും ഗൗരി ഖാനും വീഡിയോ കോളിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ അറിയിച്ചു.