പത്തനംതിട്ട: അമിതവേഗതയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത കൂട്ടത്തിലുണ്ടെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. കൊടുമൺ ഇടത്തിട്ട കളത്തിൽ തെക്കേതിൽ അഭിഷേക് (23),വിളയിൽ വീട്ടിൽ വിനു വിത്സൻ (20), വിളയിൽ പടിഞ്ഞാറ്റേതിൽ അരവിന്ദ് (23), കക്കത്താനത്ത് വിളയിൽ അമൽ (22), പന്തളം തെക്കേക്കര പാറക്കര തട്ടയിൽ ആലുവിള വീട്ടിൽ വിശാഖ് (23), ഓമല്ലൂർ നെടുമ്പള്ളിൽ ആറ്റരികം വീട്ടിൽ വിശാൽ (22), ഇടത്തിട്ട ഉമേഷ് ഭവനം വീട്ടിൽ ഉമേഷ് 23) എന്നിവരാണ് അറസ്റ്റിലായത്. അങ്ങാടിക്കൽ മുണ്ടയയ്ക്കൽ തെക്കേതിൽ ജയപ്രകാശാണ് (39) മര്‍ദനത്തിനിരയായത്.
കൊടുമൺ അങ്ങാടിക്കലിൽ ശനിയാഴ്ച രാത്രി 8 മണിയ്ക്കാണ് സംഭവം. അറസ്റ്റിലായ പ്രതികള്‍ അമിത വേഗത്തില്‍ കാറോടിച്ച് പോയത് നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നാട്ടുക്കാരുടെ കൂട്ടത്തില്‍ ജയപ്രകാശും ഉണ്ടായിരുന്നെന്ന് പറഞ്ഞാണ് സംഘം ജയപ്രകാശിനെ മര്‍ദിച്ചത്.
ഇരുമ്പ് വടിക്കൊണ്ട് സംഘം യുവാവിന്‍റെ തലക്കടിച്ചു. പരിക്കേറ്റ യുവാവിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ സംഭവ സ്ഥലത്ത് നിന്ന് തന്നെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവ സ്ഥലത്ത് നിന്ന് രക്തം പുരണ്ട പത്രക്കടലാസ്സും ഇരുമ്പ് പൈപ്പും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്. ഐ അശോക് കുമാർ, എഎസ്ഐ സന്തോഷ്, സി പി ഒമാരായ അൻസാർ, ജിതിൻ, ഷിജു, അജിത് എസ്പി, ഷൈമോൻ, അജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.