കാസർകോട്: മഞ്ചേശ്വരത്തെ ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ നിലത്തെറിഞ്ഞ കേസിലെ പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ. കൂട്ടുകാരെ കല്ലെറിഞ്ഞുവെന്ന് കുട്ടി സംഭവത്തിന് ശേഷം പറഞ്ഞതായി ബന്ധുക്കൾ ഇടിവി ഭാരതിനോട് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ബന്ധുക്കൾ അറിയിച്ചു.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി കാസർകോട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. പ്രതി അബൂബക്കർ സിദ്ദിഖ് റിമാൻഡിലാണ്. പോക്സോ വകുപ്പ് ചേർത്താണ് കേസ് എടുത്തത്.
വ്യാഴാഴ്‌ച രാവിലെയാണ് മദ്രസയിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെ പെൺകുട്ടിയെ അബൂബക്കർ സിദ്ദിഖ് ക്രൂരമായി ആക്രമിച്ചത്. പെൺകുട്ടിയെ എടുത്തുയർത്തി നിലത്തെറിയുകായിരുന്നു. തുടർന്ന് കുട്ടി വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു.
എന്നാൽ, നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തിയപ്പോഴേക്കും സിദ്ദിഖ് ഓടിരക്ഷപ്പെട്ടു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.