തൃശ്ശൂർ: വരന്തരപ്പിള്ളി നന്തിപുലത്ത് കനകദുർഗക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് ഉച്ചയോടെ നന്തിപുലം സഹകരണ ബാങ്ക് ഹാളിൽ നടന്ന എഴുത്തുപുര വാട്സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാർഷികത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുർഗ. പൊലീസ് അകമ്പടിയോടെയാണ് കനകദുർഗയെ സ്ഥലത്തെത്തിച്ചത്. ഇതിനിടെ കനകദുർഗ എത്തിയതറിഞ്ഞ് ബിജെപി പ്രവർത്തകർ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡിവൈഎസ്പി ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
പ്രവർത്തകരോട് പിരിഞ്ഞ് പോകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും പ്രതിഷേധം ശക്തമാകുകയായിരുന്നു. പൊലീസ് ലാത്തിവീശിയാണ് ബാങ്ക് പരിസരത്തും റോഡിലും തടിച്ചുകൂടിയവരെ പിരിച്ചുവിട്ടത്. ലാത്തിചാർജിനിടെ എസ്എച്ച്ഒ ജയകൃഷ്ണൻ, സജീവൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തംഗം അരുൺ മാഞ്ഞൂർ ഉൾപ്പടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിന്ന് പ്രവർത്തകരെ പൂർണമായും നീക്കിയശേഷം പൊലീസ് ജീപ്പിലാണ് കനകദുർഗയെ നന്തിപുലത്തുനിന്ന് മാറ്റിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.