തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. ജൂണ് 15 മുതൽ വെര്‍ച്വൽ ക്യൂ സംവിധാനം നടപ്പിലാക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമേ ക്ഷേത്രത്തിൽ പ്രവേശനമനുവദിക്കൂ. ഒമ്പതാം തിയതിയാണ് ക്ഷേത്രം തുറക്കുക. ഒരു ദിവസം പരമാവധി 600 പേർക്കാണ് പ്രവേശനം. ഒരു മണിക്കൂറിൽ 150 പേർക്കും ദർശനം നടത്താം. രാവിലെ 9.30 മുതൽ 1.30 വരെയാണ് ദർശന സമയം. ഓരോ ഗ്രൂപ്പിലും 50 പേർക്കു വീതമായാണ് ദർശനം ക്രമീകരിച്ചിരിക്കുന്നത്. ഭക്തർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധന നടത്താൻ തയാറാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ദർശനത്തിനെത്തുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. പ്രസാദം, തീർത്ഥം, നൈവേദ്യം എന്നിവ നൽകില്ല. ഒരു ദിവസം പരമാവധി 60 വിവാവങ്ങൾ മാത്രമേ നടത്താവൂ. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1:30 വരെയായി വിവാഹ സമയം നിജപ്പെടുത്തിയിട്ടുണ്ട്. വധുവും വരനും ഉൾപ്പെടെ ഒരു വിവാഹത്തിന് 10ൽ കൂടുതൽ പേർ ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്. വിവാഹത്തിനെത്തുന്നവരുടെ ശരീരോഷ്മാവ് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും. ഓരോ വിവാഹത്തിലും പങ്കെടുക്കുന്നവർ അര മണിക്കൂർ മുൻപ് ക്ഷേത്രത്തിനു സമീപത്തെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം.
തിങ്കളാഴ്ച്ച ഗുരുവായൂർ ക്ഷേത്രം ശുചീകരിക്കും. ചൊവ്വാഴ്ച്ച മുതൽ ക്ഷേത്രത്തിൽ എത്തുന്നവർ ഗുരുവായൂരിൽ തന്നെ സജ്ജമാക്കിയ ഓഫീസിൽ എത്തി ദർശനത്തിനായി ബുക്ക് ചെയ്യണം. വിശ്വാസികൾക്ക് വലിയമ്പലം വരെ മാത്രമേ പ്രവേശനം അനുവദിക്കൂ . അന്നദാനവും മറ്റു വഴിപാടുകളും നടത്തില്ല.10 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല.