തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടംവലം നോക്കാതെ മുന്നണികളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്ത പാരമ്പര്യമാണ് തൃശൂര്‍ മണ്ഡലത്തിനുള്ളത്. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ മൂന്നര ലക്ഷത്തിനടുത്ത് വോട്ടുകൾ പിടിക്കുന്നവർക്ക് മണ്ഡലത്തില്‍ വിജയിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഗുരുവായൂർ, മണലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ 38277 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അന്നത്തെ സിപിഐ ജില്ലാസെക്രട്ടറി കൂടിയായിരുന്ന സി.എൻ ജയദേവൻ വിജയിച്ചത്. സിപിഎമ്മുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതും മണ്ഡലത്തിലെ ഭൂരിപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും സിപിഐയുടെ ഇന്ത്യയിലെ ഏക സിറ്റിംഗ് സീറ്റായ തൃശ്ശൂര്‍ രാജാജി മാത്യു തോമസിലൂടെ നിലനിർത്താൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. എന്നാൽ ജില്ലയിലുടനീളം ടി.എൻ പ്രതാപനുള്ള ജനസമ്മതി വോട്ടായി മാറുമെന്നും കഴിഞ്ഞ തവണ സീറ്റ് വച്ചുമാറി നടത്തിയ പരീക്ഷണത്തിലൂടെ നഷ്ടപ്പെട്ട തൃശ്ശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു, കോൺഗ്രസിനകത്തെ ഗ്രൂപ്പ് പോരുകൾക്ക് അറുതി വന്നത് സ്ഥാനാർഥിയുടെ വിജയം സുഗമമാക്കുമെന്ന വിശ്വാസവും യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ താരപരിവേഷവും ശബരിമല വിഷയത്തിലൂടെ ഹൈന്ദവ സമുദായങ്ങളുടെ പിന്തുണയും അതുവഴി തൃശ്ശൂര്‍ സ്വന്തമാകുമെന്നുമാണ് ബിജെപിയുടെ വിശ്വാസം. തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം കൂടിയതും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഈഴവ വോട്ടുകൾ പ്രധാന ഘടകമായ മണ്ഡലത്തിൽ ബിജെപി നേടുന്ന വോട്ടുകൾ ഇടത്-വലത് മുന്നണികളുടെ ജയപരാജയം നിശ്ചയിക്കാനുള്ള സാധ്യതയേറുകയാണ്. എന്നാൽ പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകൾ രാജാജി മാത്യു തോമസിന് തന്നെ ഇത്തവണയും ലഭിക്കാനാണ് സാധ്യത. എന്നാൽ നായർ ബ്രാഹ്മണ സമൂഹങ്ങളുടെ വോട്ടുകൾ കൂടുതലും സമാഹരിക്കുക സുരേഷ് ഗോപി തന്നെയാകും. കാലങ്ങളായി കോൺഗ്രസിന് ലഭിച്ചിരിക്കുന്ന വോട്ടുകളാണ് ഇവ. ഫലത്തിൽ എൻഡിഎ സ്ഥാനാർഥി അധികമായി നേടുന്ന ഓരോ വോട്ടും ഇടത്-വലത് മുന്നണികളുടെ ഫലത്തെ സ്വാധീനിക്കാനാണ് സാധ്യത.