തൃശൂർ: ജില്ലയിൽ ഒരു വയസുള്ള കുഞ്ഞിനും, കൈനൂർ ക്യാമ്പിലെ നാല് ബി.എസ്.എഫ് ജവാന്മാർക്കും ഉൾപ്പടെ 20 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങരംകുളം കണ്ടെയിന്‍മെന്‍റ് സോണിലുള്ള ബാങ്കിലെ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലേർപ്പെട്ട കുന്ദംകുളം സ്വദേശി, രോഗം സ്ഥിരീകരിച്ച തൃശൂർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥനായ വ്യക്തിയുടെ ഭാര്യ. ജൂൺ 14ന് സൗദിയിൽ നിന്നും വന്ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട മുരിയാട് സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച ഒരു വയസുള്ള ആൺകുഞ്ഞ് ബെംഗളൂരിൽ നിന്നും എത്തിയതാണ്. 10 പേർ ഇന്ന് രോഗമുക്തരായി. 189 പേരാണ് തൃശൂരിൽ രോഗം സ്ഥിതീകരിച്ചു ചികിത്സയിലുള്ളത്. കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ നാല് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 100 ജവാൻമാർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറൻന്‍റൈന് വേണ്ടി രണ്ട് പേർക്ക് നിൽക്കാൻ കഴിയുന്ന 50 മുറികൾ ഒരുക്കും. കൂടാതെ, 30 പേരെ ക്യാമ്പിലെ സൗകര്യം ഉപയോഗിച്ച് ക്വാറന്‍റൈന്‍ ചെയ്യും. 200ഓളം ജവാൻമാർ ക്യാമ്പിലുണ്ട്. സമ്പർക്കമില്ലാത്തവരെ അവധി നൽകി വീടുകളിലേക്ക് അയക്കാൻ ജില്ലാ ഭരണകൂടം സർക്കാറിലേക്ക് ശുപാർശ നൽകിയിട്ടുണ്ട്.