തൃശൂർ : ചില്‍ഡ്രന്‍സ് ഹോമിന്‍റെ അതിരുകള്‍ ഭേദിച്ച അപ്പുവിന്‍റെ ലോംഗ് പാസ് ചെന്നെത്തിയത് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ മുഖത്താണ്. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ റിസര്‍വ് ടീമിന്‍റെ ഭാഗമായിരിക്കുകയാണ് തൃശൂർ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ ഈ പ്ലസ് വണ്‍ വിദ്യാർഥി. ജീവിത പ്രതിസന്ധികളെയെല്ലാം തരണം ചെയ്‌താണ് അപ്പു ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.
പത്താം വയസിലാണ് വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ അപ്പു എത്തുന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ ജീവിതമാണ് അപ്പുവിലെ കളിക്കാരനെ വളര്‍ത്തിയത്. എഫ് സി കേരളയുടെ ഭാഗമായായിട്ടായിരുന്നു പ്രൊഫഷണൽ ഫുട്‌ബോളിലെ തുടക്കം. തുടര്‍ന്ന് സെന്‍റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ചേര്‍ന്നു. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ ഫൈനല്‍ സെലക്ഷന്‍ ക്യാമ്പാണ് അപ്പുവിലെ കളിക്കാരനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നത്.
ALSO READ: നെഞ്ചിടിപ്പേറ്റി 'നൂല്‍പ്പാലത്തില്‍' നഥാന്‍ ; 80 മീറ്റർ ഉയരെ സുരക്ഷാസംവിധാനങ്ങളില്ലാതെ അതിസാഹസികത
ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വച്ച് അപ്രതീക്ഷിതമായി അപ്പുവിന്‍റെ കളിമികവ് കാണാനിടയായ ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലകന്‍ ഇവാന്‍ വുക്കോ മനോവിക് ആണ് ഈ കുരുന്ന് പ്രതിഭയെ തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലാണ് അപ്പുവിന് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലേക്കുള്ള വാതില്‍ തുറന്നത്.
സന്തോഷ് ട്രോഫി റിസര്‍വ് ഗോളിയായിരുന്ന കിരണ്‍ ജി കൃഷ്‌ണന്‍റെ കീഴിലാണ് അപ്പുവിന്‍റെ പരിശീലനം. നേരത്തേ ആലപ്പുഴ ശിശുഭവനില്‍ നിന്നാണ് അപ്പു രാമവര്‍മപുരം ശിശുഭവന്‍റെ തണലിലെത്തിയത്. എല്ലാ പരിമിതികളെയും വകഞ്ഞുമാറ്റിയാണ് അപ്പു ഉയരങ്ങള്‍ കീഴടക്കിയത്. തൃശൂര്‍ വില്ലടം ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്.