തൃശൂര്‍: കുട്ടനെല്ലൂര്‍ ഗവണ്‍മെന്‍റ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കാമ്പസില്‍ സ്ഥാപിച്ച ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ആറ് എസ്എഫ്ഐ പ്രവര്‍ത്തകരെ പരിക്കുകളോടെ തൃശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുധങ്ങളുമായി പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളജിലെത്തിയ പൂര്‍വ വിദ്യാർഥിയും കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റുമായിരുന്ന ജെയിനെ എസ്എഫ്ഐ പ്രവര്‍ത്തകർ ആക്രമിച്ചുവെന്ന് കെഎസ്‍യുവും ആരോപിച്ചു.
ജെയിന്‍ പുറത്ത് നിന്നുള്ളവരുമായി കാമ്പസിലെത്തി ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം. കെഎസ്‌യു ജില്ല സെക്രട്ടറി വിഷ്‌ണു ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ഒല്ലൂർ മണ്ഡലം പ്രസിഡന്‍റ് നിധിൻ തുടങ്ങിയവര്‍ക്കെതിരെ എസ്‌എഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.