തൃശൂര്‍: പൂരനഗരിയെ ആവേശത്തിലാറിടിച്ച് പുലിക്കൂട്ടങ്ങൾ. വൈകിട്ട് അഞ്ച് മണിയോടെ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പുലിസംഘങ്ങൾ സ്വരാജ് റൗണ്ടില്‍ പുലികളി വിസ്മയം തീർത്തു. താളമേളങ്ങൾക്കൊപ്പം നൃത്തച്ചുവടുകളോടെ പുലികൾ കാഴ്ചക്കാർക്ക് വിരുന്നായി. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് പുലിവേഷക്കാരുടെ ശരീരത്തിൽ ചിത്രകാരന്മാർ ചായക്കൂട്ടുകൾകൊണ്ട് പുലിമുഖം വരയ്ക്കാന്‍ ആരംഭിച്ചത്.
എട്ടു മണിക്കൂറെടുത്താണ് ഓരോ പുലികളും ചായം പൂശി തയ്യാറായത്. വിയ്യൂർ സെന്‍റര്‍, വിയ്യൂർ ദേശം, കോട്ടപ്പുറം സെന്‍റര്‍, കോട്ടപ്പുറം ദേശം, തൃക്കുമരംകുടം, അയ്യന്തോൾ ദേശങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുന്നത്. വിവിധ ദേശങ്ങളിൽ നിന്നായി മുന്നൂറോളം പുലികളാണ് സ്വരാജ് റൗണ്ടിലേക്ക് ഇറങ്ങിയത്. ഓരോ പുലിക്കളി ടീമിനൊപ്പവും രണ്ട് നിശ്ചല ദൃശ്യങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തി.
മത്സരം കാണാനെത്തുന്ന വിദേശികൾക്കായി പ്രത്യേക പവിലിയനുകള്‍ ജില്ലാ ഭരണകൂടവും സാംസ്കാരിക വകുപ്പും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ പ്രളയം കാരണം പുലിക്കളി നടന്നിരുന്നില്ല. ഇത്തവണ വിയ്യൂർ ദേശത്തിനൊപ്പം മൂന്ന് പെൺപുലികൾ രംഗത്തുണ്ട്. തൃശൂര്‍ കീഴടക്കാനെത്തുന്ന പുലിപ്പടയെ കാണാൻ കേരളത്തിന്‍റെ നാനാഭാഗത്തു നിന്നും നിരവധി ആസ്വാദകരാണ് തൃശൂരിലെത്തിയത്.