തൃശൂർ: അസംസ്‌കൃത വസ്‌തുക്കളുടെ ദൗർലഭ്യത്തിൽ ഉലഞ്ഞു നിൽക്കുന്നതിനിടെ കൊവിഡ് മഹാമാരി കൂടി എത്തിയതോടെ പതറി നിൽക്കുകയാണ് കളിമണ്‍പാത്ര നിര്‍മാണ മേഖല. ലോക്ക് ഡൗൺ കാലത്ത് കളിമൺപാത്രങ്ങൾ വിപണിയിലെത്തിക്കാനാകാതെ കനത്ത പ്രതിസന്ധി നേരിടുകയാണ് ഈ മേഖലയിൽ ജോലിചെയ്യുന്നവർ.
പരമ്പരാഗതമായി കളിമൺ പാത്രനിർമാണത്തിൽ ഏർപ്പെടുന്ന തൃശൂരിലെ കുംഭാര സമുദായത്തിപ്പെട്ടവരെ കൊവിഡ് അക്ഷരാർത്ഥത്തിൽ ലോക്ക് ഡൗണിലാക്കുകയായിരുന്നു. മുൻ വർഷങ്ങളിൽ നല്ല വിൽപ്പന ലഭിച്ചിരുന്ന ഓണക്കാലമാണ് ഇത്തവണ കൊവിഡ് കൊണ്ടു ഇല്ലാതായത്. പാത്ര നിർമാണത്തിന് ആവശ്യമായ കളിമണ്ണിന്‍റെ ലഭ്യതക്കുറവ് തൊഴിലിനെ സാരമായി ബാധിച്ചു നിൽക്കുന്നതിനിടെയാണ് കൊവിഡും എത്തുന്നത്. വിഷു ,ഓണം,പെരുന്നാൾ, വ്യാപര മേളകൾ തുടങ്ങി കച്ചവട സാധ്യതകൾ എല്ലാം ലോക്ക് ഡൗണിൽ ഇല്ലാതായി. ഉത്സവകാലം മുന്നിൽക്കണ്ട് നിർമ്മിച്ച പാത്രങ്ങളൊക്കെ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.
നിര്‍മാണ ചിലവ് ഏറുന്നതും കളിമണ്ണിന്‍റെ ലഭ്യത കുറവും മേഖലയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. വഴിയോരക്കച്ചവടവും തലച്ചുമടായി വീട് വീടാന്തരം കയറിയുള്ള വില്‍പനയും പ്രധാന വിൽപ്പന രീതിയാണ്. പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിലായതിനാല്‍ മറ്റ് തൊഴിലുകളൊന്നും ഇവര്‍ക്ക് പരിചയമില്ല. കൊവിഡിനൊപ്പം കരുതലുമായി ജീവിച്ചു തുടങ്ങുക എന്ന ആശയത്തോട് ജനം പൊരുത്തപ്പെട്ടു തുടങ്ങിയതോടെ വീണ്ടും നഷ്‌ടപ്പെട്ട ജീവനോപാധി തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇവർ.