തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ വീണ്ടും കഞ്ചാവ് പിടികൂടി. ജയിൽ പെട്രോൾ പമ്പിലെ ശുചിമുറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍.
മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്‌ണു എന്നിവരാണ് അറസ്റ്റിലായത്. സൈക്കിളിൽ കാറ്റ് നിറയ്ക്കാനെന്ന വ്യാജേന ജയിലിലെ പെട്രോൾ പമ്പിലെത്തിയ ഇരുവരും ശുചിമുറിയില്‍ കയറി കഞ്ചാവ് ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻ ജോമോൻ ഇവർ പുറത്തിറങ്ങിയ ഉടനെ ശുചിമുറിയില്‍ കയറി പരിശോധിക്കുകയായിരുന്നു.
മൂന്ന് പൊതികളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇരുവരെയും പിടികൂടി വിയ്യൂർ പൊലീസിന് കൈമാറി. പെട്രോള്‍ പമ്പിന് പുറമേ ജയില്‍ പരിസരത്ത് നിന്നും കഞ്ചാവ് പിടികൂടി. കൃഷിപ്പണിയ്ക്കായി തോട്ടത്തിൽ പണിയ്ക്കിറക്കിയിരുന്ന മോഷണക്കേസിലെ പ്രതി കണ്ണൂർ സ്വദേശി ഫൈസലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കുഴിയിൽ നിന്നും ഇടയ്ക്കിടെ കുനിഞ്ഞ് നിവർന്നിരുന്നതിൽ സംശയം തോന്നിയതിനെ തുടർന്നുള്ള പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ജയിൽ അധികൃതരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
Also read: തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ