തൃശൂര്‍: പാവറട്ടിയില്‍ എക്‌സൈസ് കസ്‌റ്റഡിയിലിരിക്കെ കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ കൂടി കീഴടങ്ങി. സിവിൽ എക്സൈസ് ഓഫീസർ എം.ഒ ബെന്നിയാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.എ ഉമ്മറാണ് ഇനി പിടിയിലാകാനുള്ളത്.
എക്‌സൈസ് സംഘത്തിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ ഉമ്മര്‍, എം.ജി അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം സ്മിബിന്‍, എം.ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി.ബി. ശ്രീജിത്ത് എന്നിവർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ ഡ്രൈവർ ശ്രീജിത്തിനെ പിന്നീട് ഒഴിവാക്കിയിരുന്നു. അതേസമയം കേസ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സർക്കാർ തീരുമാനം എടുത്തെങ്കിലും സി.ബി.ഐ കേസ് ഏറ്റെടുത്തിട്ടില്ല. കേസ് രേഖകൾ സി.ബി.ഐക്ക് കൈമാറുമ്പോൾ പിഴവുകൾ ഉണ്ടാകാതിരിക്കാൻ കേസിന്റെ വിശദാംശങ്ങൾ പഠിക്കുകയാണ് പൊലീസ്. ഇതിനായി മരിച്ച രഞ്ജിത്തിനെ കസ്‌റ്റഡിയില്‍ എടുത്തത് മുതൽ മരണം സ്ഥിരീകരിക്കുന്നത് വരെയുള്ള കാര്യങ്ങൾ പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്.