തൃശ്ശൂർ: ശമ്പളം വെട്ടിക്കുറച്ച മാനേജ്മെന്‍റ് നടപടിയിൽ പ്രതിഷേധിച്ച് തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഹൈടെക്ക് ആശുപത്രിയിലെ നെഴ്സുമാരുടെ പ്രതിഷേധം. പൂങ്കുന്നം റോഡിൽ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ മതിൽ തീർത്തായിരുന്നു സമരം. യുണൈറ്റഡ് നെഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡ്യൂട്ടി വെട്ടിക്കുറച്ചുള്ള പരിഷ്കരണം പിൻവലിച്ച് പിടിച്ചുവെച്ച പകുതി ശമ്പളം തിരികെ തരണമെന്ന് നെഴ്‌സുമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച് ജോലി തുടര്‍ന്നായിരുന്നു നെഴ്സുമാര്‍ പ്രതിഷേധിച്ചത്. ഏപ്രിലില്‍ ഇവരുടെ ഡ്യൂട്ടി മുപ്പതിൽ നിന്നും പതിനഞ്ചായി കുറച്ചിരുന്നു. പതിനഞ്ചിൽ കൂടുതൽ ദിവസം ജോലി ചെയ്തിട്ടും ആശുപത്രി മാനേജ്‌മെന്‍റ് ഇവരുടെ ശമ്പളം പാതിയാക്കി കുറക്കുകയായിരുന്നു. ഏഴുമാസം ഗർഭിണിയായ നെഴ്‌സുമാർ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്.
മുമ്പ് സമാന പ്രതിസന്ധി ഉണ്ടായതിനെ തുടർന്ന് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് മാർച്ചിലെ ശമ്പളം അനുവദിച്ചെങ്കിലും ഇത് തുടർന്നില്ല. ചർച്ചക്കായി കലക്ടർ യോഗം വിളിച്ചുവെങ്കിലും മാനേജ്മെന്‍റുകളുടെ നിസഹകരണത്തിൽ യോഗം നടന്നില്ല.