തൃശ്ശൂര്‍: അന്തരിച്ച കവിയത്രി സുഗതകുമാരിയുടെ ഓർമക്കായി 'നൂറിനം നാട്ടുമാന്തോപ്പുകൾ' പദ്ധതിയുമായി സംസ്ഥാന സർക്കാർ. പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലും നിലവിലുള്ള നാടൻ മാവിനങ്ങൾ സംരക്ഷിക്കുകയും നാട്ടുമാവുകളുടെ ജീൻ ബാങ്ക് തയാറാക്കുന്നതുമാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ കുട്ടനെല്ലൂർ, സി അച്യുതമേനോൻ ഗവൺമെന്‍റ് കോളജിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു.
ലഭ്യമായ നൂറിനം നാട്ടുമാവുകളുടെ ഗുണമേന്മയുള്ള തൈകൾ കൃഷി വകുപ്പ് ഫാമുകളിൽ ഉൽപാദിപ്പിച്ച് തൊട്ടടുത്ത പഞ്ചായത്തുകളിൽ നട്ടുപിടിപ്പിച്ചാണ് ജീൻ ബാങ്ക് തയ്യാറാക്കുക. ഫലവർഗ്ഗ വികസന പദ്ധതിയിൽ നിന്നും ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ തൃശൂർ, കണ്ണൂർ ജില്ലകളിലെ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കുക. ഇവിടങ്ങളിലെ തെരഞ്ഞെടുത്ത വാർഡുകളിലെ പൊതുസ്ഥലങ്ങൾ സ്കൂൾ കോളജ് ക്യാമ്പസ്, സർക്കാർ സ്ഥാപനങ്ങൾ പാർക്കുകൾ എന്നിവിടങ്ങളിലും കർഷകരുടെ വീട്ടുവളപ്പുകളിലും മാവിൻതൈകൾ നടും.
പരിപാടിയുടെ ഭാഗമായി കോളജ് ക്യാമ്പസിൽ മഞ്ഞ തക്കാളി, മധുരകോരട്ടി, ഉണ്ട മധുരം, മഞ്ഞ തക്കാളി, കൈത മധുരം തുടങ്ങിയ മാവിൻതൈകൾ നട്ടു. സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വിള സൗഹൃദ സംരക്ഷണ പദ്ധതി. കേരളത്തിൽ 84,000 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക.