തൃശ്ശൂർ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പുകേസിൽ സംഘടനയുടെ ദേശീയ പ്രസിഡന്‍റും ഒന്നാം പ്രതിയുമായ ജാസ്‌മിൻ ഷാ അടക്കം നാലു പേര്‍ അറസ്റ്റില്‍. രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതി നിധിൻ മോഹൻ, നാലാം പ്രതി പി.ഡി.ജിത്തു എന്നിവരെയാണ് തൃശ്ശൂർ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഷോബി ജോസഫ് യു.എന്‍.എയുടെ സംസ്ഥാന ഭാരവാഹിയും ജിത്തു ഓഫീസ് സ്റ്റാഫും നിധിൻ മോഹൻ ജാസ്‌മിൻ ഷായുടെ ഡ്രൈവറുമാണ്. അസോസിയേഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടിയോളം രൂപ തട്ടിയെന്നാണ് കേസ്.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്‌ച ഹൈക്കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്. യു.എൻ.എ മുൻ സംസ്ഥാന പ്രസിഡന്‍റ് സിബി മുകേഷിന്‍റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ പണം ജാസ്‌മിൻ ഷായുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പണം ഉപയോഗിച്ച് ജാസ്‌മിൻ ഷായുടെ ഭാര്യയുടെ പേരിൽ ഫ്ലാറ്റും കാറും വാങ്ങിയതായും ബിനാമി പേരിൽ തിരുവല്ലയിൽ ആശുപത്രി വാങ്ങാൻ കരാറുണ്ടാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയെന്നും എന്നാൽ എട്ട് ലക്ഷത്തോളം രൂപയാണ് ബാക്കിയുള്ളതെന്നുമായിരുന്നു പരാതിയിലെ ആരോപണം. കേസ് റദ്ദാക്കണമെന്ന ജാസ്‌മിൻ ഷായുടെ ആവശ്യം തള്ളിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ കോടതി ഉത്തരവിട്ടത്. പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.