തൃശ്ശൂര്‍: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് തുടക്കം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിന്‍റെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം മൃദംഗ വിദ്വാനായ പത്മവിഭൂഷൺ ഡോ. ഉമയാൾപുരം കെ. ശിവരാമന് മന്ത്രി സമ്മാനിച്ചു. ഗുരുവായൂരപ്പന്‍റെ രൂപം ആലേഖനം ചെയ്ത പത്ത് ഗ്രാമിന്‍റെ സ്വർണ പതക്കവും അമ്പതിനായിരത്തി ഒന്ന് രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ സംഗീത വിദ്വാൻ ടി.എസ് പട്ടാഭിരാമ പണ്ഡിറ്റ് വായ്‌പാട്ട് അവതരിപ്പിച്ചു.
മേൽപത്തൂർ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ മൂവായിരത്തി അഞ്ഞൂറിലധികം കലാകാരന്മാര്‍ പങ്കെടുക്കും. വൈകിട്ട് ആറ് മുതല്‍ എട്ട് വരെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരികള്‍ നടക്കും. ശ്രീകൃഷ്ണൻ മഹാഭാരത യുദ്ധഭൂമിയിൽ വച്ച് അർജുനന് ഭഗവത് ഗീത ഉപദേശിച്ചതിന്റെ സ്മരണയിൽ ഉത്ഥാന ഏകാദശിയായും ഗീതാ ദിനമായും ഏകാദശി ദിനത്തെ ആചരിക്കുന്നുണ്ട്. ഡിസംബർ എട്ടിനാണ് ഗുരുവായൂർ ഏകാദശി. വിളക്ക് ആഘോഷങ്ങൾ നവംബർ എട്ടിന് ആരംഭിച്ചിരുന്നു.