തൃശൂര്‍: സ്വർണക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ തൃശൂർ സ്വദേശി ഫൈസൽ ഫരീദിന്‍റെ തൃശൂർ കയ്പമംഗലത്തെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ് അവസാനിച്ചു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന്‍റെ തൃശൂർ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പരിശോധന നടത്തിയത്. നാലുമണിക്കൂറോളം നീണ്ട റെയ്‍ഡില്‍ വീട്ടില്‍ നിന്ന് കമ്പ്യൂട്ടറും മറ്റ് രേഖകളും പിടിച്ചെടുത്തു. മൂന്ന് കവറുകളിലായാണ് രേഖകള്‍ പിടിച്ചെടുത്തത്. കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളിലായി എത്തിയ അഞ്ചംഗ സംഘമാണ് ഫൈസല്‍ ഫരീദിന്‍റെ വീട്ടില്‍ റെയ്‍ഡ് നടത്തിയത്.
ഉച്ചക്ക് ഒന്നരയോടെയാണ് കസ്റ്റംസ് ഉദ്യാഗസ്ഥർ ഫൈസലിന്‍റെ വീട്ടിലെത്തിയത്. ഫൈസലും കുടുംബാംഗങ്ങളും ദുബായിലായത് കൊണ്ട് ഒന്നര വർഷമായി വീട് പൂട്ടികിടക്കുകയായിരുന്നു. ഫൈസലിന്‍റെ ബന്ധുവിനെ വിളിച്ച് വരുത്തി താക്കോൽ വാങ്ങിയാണ് വീട് തുറന്നത്. അടച്ചിട്ട വീടിനകത്ത് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് ഉദ്യാഗസ്ഥരുടെ പരിശോധന. പൂട്ടിയിട്ട അലമാരകൾ പുറത്ത് നിന്ന് ആളെ എത്തിച്ച് തുറന്നാണ് പരിശോധിച്ചത്. രഹസ്യ അറകൾ ഉണ്ടോ എന്നും പരിശോധിച്ചു. ഫൈസലിന്‍റെ ബന്ധുക്കളിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. ദുബായിൽ പഠിച്ച് വളർന്ന ഫൈസലിന് നാടുമായി കാര്യമായ അടുപ്പമില്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്.