തൃശൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് കടലാസ് ഉപയോഗിച്ച് ദേവലയ മാതൃക പണിത് ജെന്‍സന്‍. തന്‍റെ ഇടവക ദേവാലയമായ ചിറ്റാട്ടുകര സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മാതൃകയാണ് ജെന്‍സന്‍ നിര്‍മിച്ചത്. രണ്ട് മാസത്തെ അധ്വാനമാണ് മനോഹരമായ ദേവാലയ നിര്‍മാണത്തിനായി ജെന്‍സന് വേണ്ടിവന്നത്. അഞ്ച് അടി നീളവും അഞ്ച് അടി വീതിയും 3.5 അടി ഉയരമുള്ള പള്ളി നിര്‍മിക്കാന്‍ ഏകദേശം 12 കിലോ പത്രമാണ് ഉപയോഗിച്ചത്.
ഒരടി നീളത്തിൽ പേപ്പർ സ്ട്രോ രൂപത്തില്‍ ചുരുട്ടി ആവശ്യാനുസരണം കൂട്ടിചേർത്തായിരുന്നു നിര്‍മാണം. പള്ളിയുടെ 250 ആം വാർഷികം ആഘോഷിക്കുന്ന ഈ വർഷം തന്നെ പള്ളിയുടെ മോഡൽ ഉണ്ടാക്കാൻ സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ജെൻസൻ. 4000 പേപ്പർ ചുരുൾ പള്ളിയുടെ നിര്‍മാണത്തിന് വേണ്ടി വന്നു. പള്ളിയുടെ പിൻവശത്തുള്ള സങ്കീർത്തി, കൽകുരിശ്, കൊടിമരം എന്നിവയും കടലാസുകൊണ്ട് ജെന്‍സന്‍ തീർത്തിട്ടുണ്ട്.