തിരുവനന്തപുരം: കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ശക്തമായ കരുതലുമായി സംസ്ഥാനത്തെ മൃഗശാലകൾ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച മൂന്ന് കീപ്പർമാരെ മാത്രമാണ് തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങളുടെ പരിചരണത്തിന് നിയോഗിച്ചിരിക്കുന്നത്. അണുവിമുക്ത മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മറ്റു ജീവനക്കാർക്കും പ്രവേശനം നിഷേധിച്ചു. ഹൈദരാബാദ് മൃഗശാലയിൽ സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അടിയന്തിര നടപടിയെന്ന് മൃഗശാല ഡയറക്ടർ അബു ശിവദാസ് ഇടിവി ഭാരതിനോട് പറഞ്ഞു.
പരിചരിക്കുന്നവർക്ക് ഗണ്യമായി കൊവിഡ് ബാധിക്കുന്നതിനാലാണ് മൃഗങ്ങൾക്കും പകരുന്നതെന്ന് മറ്റു മൃഗശാലകളിലെ അനുഭവത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇത് ഒഴിവാക്കാൻ കൊവിഡിന്‍റെ ആദ്യ വ്യാപനഘട്ടത്തിൽ സ്വീകരിച്ച മുൻകരുതലുകൾ തുടരുകയാണ്. ജീവനക്കാരുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മെഡിക്കൽ ക്യാമ്പുകൾ ഇടയ്ക്കിടെ സംഘടിപ്പിക്കുന്നു. മൃഗശാല തന്നെ തയ്യാറാക്കുന്ന സാനിറ്റൈസർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കൂടുതല്‍ വായനയ്‌ക്ക്: ഹൈദരാബാദ് നെഹ്‌റു മൃഗശാലയിലെ സിംഹങ്ങൾക്ക് കൊവിഡ്
ആദ്യ തരംഗത്തിന് ശേഷം അഞ്ചു മാസത്തോളം നിയന്ത്രണങ്ങളോടെ മൃഗശാല തുറന്നു പ്രവർത്തിച്ചപ്പോഴും കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചിരുന്നു. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്നുമുണ്ട്. മാംസഭുക്കുകൾക്കും കുരങ്ങുവർഗത്തിൽ പെട്ട ജീവികൾക്കുമാണ് രോഗസാധ്യതയുള്ളത്. ഇവയെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. വരണ്ട ചുമ,ഉയർന്ന താപനില, വയറിളക്കം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, മൂക്കിൽ നിന്ന് സ്രവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ സാമ്പിൾ പരിശോധനയ്ക്ക് അയച്ച് രോഗ സാധ്യത വിലയിരുത്തുന്നു. ഭക്ഷണം 60 ഡിഗ്രി ചൂടിൽ തിളപ്പിച്ച് അണുവിമുക്തമാക്കിയാണ് നൽകുന്നത്. തൃശൂർ മൃഗശാലയിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. അതേസമയം നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.