തിരുവനന്തപുരം: ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം മൂന്നു സ്‌ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ വിജയ് പി.നായർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. സ്‌ത്രീകളുടെ അന്തസിനെ പ്രകോപിക്കുക, സ്‌ത്രീകൾക്കെതിരെ മോശമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ ശിക്ഷ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. തമ്പാനൂർ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീ വിരുദ്ധവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് ഭാഗ്യലക്ഷ്‌മി പ്രതിക്കെതിരെ പരാതി നൽകിയത്. വിജയ് പി.നായർ ഫെബ്രുവരി 13ന് കോടതിൽ ഹാജരാകാൻ കോടതി സമൻസ് അയച്ചു. സംഭവത്തിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്ന വിജയ് പി.നായരുടെ മുൻകൂർ ജാമ്യാപേക്ഷ ഉപാധികളോടെ തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതി ദിവസങ്ങൾക്ക് ശേഷമാണ് അനുവദിച്ചിരുന്നത്.
സ്‌ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ് പി.നായരെ മർദിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവക്കെതിരെയും തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Also Read: മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്, മുഴുവന്‍ ചെലവും സർക്കാര്‍ വഹിക്കും