തിരുവനന്തപുരം: തലക്ക് അടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കരകുളം സ്വദേശി സരിതയാണ് മരിച്ചത്. സരിതയെ ആക്രമിച്ച വിജയമോഹൻ നായർ വ്യാഴാഴ്‌ച തീകൊളുത്തി ആത്മഹത്യ ചെയ്‌തിരുന്നു. വിജയ മോഹനൻ നായർ അച്ഛനാണെന്ന് ആരോപിച്ച് കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തിൽ ലീലയുടെ മകളായ സരിത പല പ്രാവശ്യം മോഹനൻ നായരുടെ വീട്ടിലെത്തി പിതൃത്വം അംഗീകരിക്കുവാൻ ബഹളം ഉണ്ടാകുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിജയമോഹനൻ നായർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഒത്തുതീർപ്പിന് തയ്യാറാവാതെ കഴിഞ്ഞ ദിവസവും സരിത വിജയമോഹൻ നായരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തുടർന്നാണ് വിജയ മോഹനൻ നായർ മൺവെട്ടിയുടെ കൈകൊണ്ട് യുവതിയുടെ തലയ്ക്ക് അടിച്ചത്. സംഭവത്തിന് ശേഷം വിജയ മോഹനൻ നായർ പെട്രോളുമായി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജൻ സതീഷിന്‍റെ വീട്ടിലെത്തി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്‌തു.
സഹോദരനെതിരെ ആരോപണവുമായി ബന്ധുക്കൾ
അനുജനായ സതീഷാണ് സരിതയെ പ്രലോഭിപ്പിച്ച് വിജയ മോഹനൻ നായരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന കാരണത്താലാണ് അനുജന്‍റെ വീട്ടിലെത്തി ആത്മഹത്യ ചെയ്‌തതെന്ന് വിജയ മോഹനൻ നായരുടെ സഹോദരിയുടെ മകൻ അരുൺ കുമാറും നാട്ടുകാരും പറയുന്നത്. 16 വർഷം കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥനായിരുന്ന വിജയമോഹനൻ നായർ വിരമിച്ചതിനെ തുടർന്ന് സ്വന്തമായുള്ള വണ്ടികൾ ഓടിക്കുകയാണ് ചെയ്തിരുന്നത്. സരിത ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിലാണ് ജോലി ചെയ്‌തിരുന്നത്.
READ MORE: തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരി മരിച്ചു