ന്യൂഡല്‍ഹി: ഭരണഘടന അനുശാസിക്കുന്ന വിധം കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിലവിലെ ഗവര്‍ണര്‍ പി. സദാശിവം കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ ആകുന്നത്.
വൈവിധ്യങ്ങളേറെയുള്ള രാജ്യത്ത് ജനിക്കാനായത് ഭാഗ്യമാണെന്നും ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ പ്രവര്‍ത്തിക്കാനാകുന്നത് വലിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി സര്‍ക്കാരിന് കീഴില്‍ കേന്ദ്ര മന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ച് രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെതിരെ പ്രതിഷേധിച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാഖ് വിധിയോട് അനുകൂല നിലപാടാണ് ഖാൻ സ്വീകരിച്ചിരുന്നത്. ജൂണില്‍ മുത്തലാഖ് വിഷയം ലോക്‌സഭയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിന്‍റെ പിന്തുണ തേടിയത് ഖാന്‍റെ പേര് പരാമര്‍ശിച്ചായിരുന്നു. ഷാബാനു കേസിൽ കോൺഗ്രസ്, മുസ്ലിം പുരോഹിതരുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നാരോപിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ കോണ്‍ഗ്രസ് വിട്ടത്.