തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. ബുധനാഴ്‌ച വരെ മഴ സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചന നല്‍കി. തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ പെയ്യുക.
തിങ്കൾ, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടു മുതൽ 10 മണി വരെ ആണ് ഇടിമിന്നൽ അനുഭവപ്പെടുക. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം.
വടക്കു -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗത്തും അതിനോട് ചേർന്നുള്ള പടിഞ്ഞാറ് ബംഗാൾ -ഒഡിഷ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കീ.മി വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.