തിരുവനന്തപുരം: വെള്ളറട ഗ്രാമ പഞ്ചായത്തിലെ അഞ്ചുമരംകാല വാർഡിൽ ഉൾപ്പെട്ട കരിമരം കോളനിയിലെ ഇരുന്നൂറോളം കുടുംബങ്ങൾ കുടിവെള്ളമില്ലാതെ പ്രതിസന്ധിയില്‍. രണ്ട് മാസമായി ചുമട്ടു വെള്ളമാണ് ഇവരുടെ ഏക ആശ്രയം. പഞ്ചായത്ത് നൽകിയ നാല് സെന്‍റ് കോളനിയിലെ ആറ് കിണറുകളും വറ്റിയതോടെയാണ് ഇവരുടെ കുടിവെള്ളം മുട്ടിയത്. ജലനിധി നിർമിച്ചു നൽകിയ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചെങ്കിലും കാലപ്പഴക്കം ചെന്ന മോട്ടോർ കേടാകുന്നത് പതിവായതോടെ കുടിവെള്ള പ്രശ്നം രൂക്ഷമായി. കോളനി നിവാസികൾ പിരിവെടുത്ത് നിരവധി തവണ മോട്ടോർ നന്നാക്കിയെങ്കിലും ഫലം കണ്ടില്ല. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ പൊട്ടുന്നതും കുടിവെള്ള പ്രശ്നം രൂക്ഷമാക്കി.
രണ്ട് മാസമായി കുടം ഒന്നിന് 10 രൂപക്ക് ലഭിക്കുന്ന ചുമട്ടു വെള്ളത്തെ ആശ്രയിച്ചാണ് കോളനിവാസികൾ ജീവിക്കുന്നത്. കിടപ്പ് രോഗികളും, വൃദ്ധരും മാത്രം കഴിയുന്ന വീടുകളും കോളനിയില്‍ നിരവധിയുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം പണം കൊടുത്ത് വെള്ളം വാങ്ങുന്നത് ദുഷ്കരമാണ്. കുടിവെള്ളപ്രശ്നത്തിന് അധികൃതർ അടിയന്തര പരിഹാരം കാണണമെന്നാണ് കരിമരം കോളനി നിവാസികളുടെ പ്രധാന ആവശ്യം.