തിരുവനന്തപുരം : നിയമസഭയിൽ മുഖ്യമന്ത്രി - പ്രതിപക്ഷ നേതാവ് നേർക്കുനേർ പോര്. എതിരാളികളെ ഉന്മൂലനം ചെയ്യാൻ ഉത്തരവിടുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേയ്ക്ക് മുഖ്യമന്ത്രി താഴ്ന്നുവെന്ന് പ്രതിപക്ഷ നേതാവ്. വിമർശിക്കുന്നതിന് പരിധി വേണമെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം സംബന്ധിച്ച സബ്‌മിഷന്‍ ഉന്നയിയ്ക്കവേയാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേർക്കുനേർ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. സംസ്ഥാനത്തെ കോളജുകളിൽ എസ്എഫ്ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണ്. ഇതിനെ നിയന്ത്രിക്കാൻ നേതാക്കൾ ഇടപെടുന്നില്ല. എസ്എഫ്ഐ പ്രവർത്തകരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
'പെണ്‍കുട്ടികളെ പഠിയ്ക്കാന്‍ വിടാനാകാത്ത സാഹചര്യം'
തിരുവനന്തപുരം ലോ കോളജിൽ യൂണിയൻ ഉദ്ഘാടനത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ വനിതകൾ ഉൾപ്പടെയുള്ള കെഎസ്‌യു പ്രവർത്തകരെ മർദിച്ചു. പെൺകുട്ടിയെ വലിച്ചിഴച്ച് മർദിച്ചപ്പോൾ പൊലീസ് നോക്കിനിൽക്കുകയാണ് ചെയ്‌തത്. പെൺകുട്ടികളെ പഠിക്കാൻ വിടാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തിലെ കലാലയങ്ങൾ മാറുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
സബ്‌മിഷന് മറുപടി പറഞ്ഞ മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിക്കുകയും പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം പഴയ ഒരു കെഎസ്‌യുകാരൻ്റേത് മാത്രമെന്ന് വിമർശിക്കുകയും ചെയ്‌തു. കെഎസ്‌യുവിൻ്റെ അക്രമങ്ങളെ അതിജീവിച്ചാണ് എസ്എഫ്ഐ വളർന്നത്. ഉത്തരവാദപ്പെട്ട ഒരു സംഘടനയെ വിമർശിയ്ക്കുന്നതിന് പരിധിയുണ്ട്.
'പ്രതിപക്ഷ നേതാവ് അധപ്പതിയ്ക്കരുത്'
അനാവശ്യമായ ആരോപണങ്ങൾ ഉന്നയിയ്ക്കുന്നതിന് പ്രതിപക്ഷ നേതൃസ്ഥാനം ഉപയോഗിക്കുന്ന തരത്തിലേയ്ക്ക് അധപ്പതിയ്ക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിൻനിരക്കാരുടെ നിലവാരത്തിലേയ്ക്ക് പ്രതിപക്ഷ നേതാവ് താഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി എസ്എഫ്ഐക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസൻസ് നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
ഇതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിയ്ക്കുക തന്നെ ചെയ്യും. പെൺകുട്ടികളെ ആക്രമിയ്ക്കുന്നതിനെ ഇനിയും എതിര്‍ക്കുമെന്നും സതീശൻ പറഞ്ഞു. പെൺകുട്ടികളുടെ കൂടി പിന്തുണയോടെയാണ് എസ്എഫ്ഐ സംസ്ഥാനത്ത് കരുത്താർജിച്ചത്. അതിൽ പ്രതിപക്ഷ നേതാവിന് സ്വാഭാവികമായി രോഷമുണ്ടാകും. അത് ഈ രീതിയിൽ തീർക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ ഉത്തരവ് കൊടുക്കുന്ന പഴയ പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി അധപ്പതിച്ചതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിസ്ഥാനരഹിതവും വസ്‌തുതാവിരുദ്ധവുമായ ആരോപണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സബ്‌മിഷന് കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ വാക്കൗട്ട് നടത്തി.