തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ സര്‍ക്കാര്‍ പുറത്താക്കി. പ്രോസിക്യൂട്ടറെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഇന്ന് രാവിലെ ഒപ്പ്‌വെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
കേസ് അന്വേഷണത്തില്‍ പൊലീസിനുണ്ടായ വീഴ്‌ചക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പ്രതികളെ വെറുതെ വിട്ട സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം മാതാപിതാക്കള്‍ കോടതിയില്‍ ഉന്നയിച്ചാല്‍ അതിനെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല. കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന നിയോപദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാര്‍ കേസില്‍ സി.പി.എമ്മിന്‍റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയില്‍ മറുപടി പറഞ്ഞു.