തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. തുറമുഖ നിര്‍മാണം നടക്കുന്ന അതീവ സുരക്ഷ മേഖലയിലേക്ക് പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് സമരക്കാര്‍ ഇന്നും (20.08.2022) കടന്നു. പൊലീസിന്റെ സുരക്ഷാസംവിധാനങ്ങളും നിര്‍മാണ പ്രദേശത്തെ ഗേറ്റിന്റെ പൂട്ടും തകര്‍ത്താണ് പ്രതിഷേധക്കാര്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന പ്രദേശത്തെത്തിയത്.
സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരത്തിലധികം പ്രതിഷേധക്കാരാണ് പദ്ധതി പ്രദേശത്തേക്ക് ഇരച്ചെത്തിയത്. അതേസമയം, സംയമനത്തോടെയാണ് പൊലീസ് പ്രതിഷേധത്തെ നേരിടുന്നത്. ഇതേവരെ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ഒരു തരത്തിലുള്ള ബലപ്രയോഗത്തിനും പൊലീസ് മുതിര്‍ന്നിട്ടില്ല.
ലത്തീന്‍ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. സര്‍ക്കാരിന്‍റെ പക്ഷത്തുനിന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവര്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ചര്‍ച്ചയില്‍ വാക്കാലുള്ള ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ആവശ്യങ്ങള്‍ പരിഹരിക്കുന്നത് വരെ സമരമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.