തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത കേരളത്തിന്‍റെ അടുത്ത ചീഫ് സെക്രട്ടറിയാവും. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് 31 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാവുക. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാവും.
1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. പി.കെ. മൊഹന്തിക്കു ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യം. ഹരിയാനാ സ്വദേശിയായ മൊഹന്തി 2016ല്‍ രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.
മൊഹന്തിക്കു പിന്നാലെ എസ്.എം.വിജയാനന്ദ്, നളിനി നെറ്റോ, ഡോ. കെ.എം എബ്രഹാം, പോള്‍ ആന്‍റണി, ടോം ജോസ് എന്നിവരായിരുന്നു ചീഫ് സെക്രട്ടറിമാര്‍. വിശ്വാസ് മേത്തയുടെ നിയമനത്തോടെ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഇതര സംസ്ഥാനക്കാരാണെന്ന പ്രത്യേകത കൈവരും. സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന ഉദ്യോഗസ്ഥന്മാരില്‍ ഒരാളാണ് വിശ്വാസ് മേത്ത. 2021 ഫെബ്രുവരി വരെയാണ് ഇദ്ദേഹത്തിന്‍റെ സേവന കാലാവധി.