തിരുവനന്തപുരം: ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയില്‍ നല്‍കിയ വിവാദ മറുപടി തിരുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സാങ്കേതിക പിഴവ് മൂലമാണ് മറുപടി മാറാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം.
ഓഗസ്റ്റ് 4 ന് മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വന്ന പിഴവ് വിവാദമായിരുന്നു. സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ വർധിക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന മറുപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഉത്തരം തിരുത്തുന്നതിന് അനുവദിക്കണമെന്ന് സ്‌പീക്കർക്ക് ആരോഗ്യമന്ത്രി അപേക്ഷ നൽകി. സ്‌പീക്കര്‍ അനുമതി നൽകിയതിനെ തുടർന്നാണ് പുതുക്കിയ ഉത്തരം ആരോഗ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വെച്ചത്.
തെറ്റായ ഉത്തരം നൽകിയതിൽ വീഴ്‌ച അന്വേഷിക്കാൻ ആരോഗ്യമന്ത്രി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ചയാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരോട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്.