തിരുവനന്തപുരം: ദേശീയതലത്തില്‍ തകരുന്ന അതേ വേഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസും തകരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ദേശീയ നേതൃത്വത്തിന്‍റെ കഴിവുകേട് കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകരുകയാണ്.
ജനാധിപത്യത്തിന് വേണ്ടി സംസാരിച്ചവരെ കോണ്‍ഗ്രസിനുള്ളില്‍ ഒറ്റപ്പെടുത്തുകയാണ്. അഭിപ്രായം പറഞ്ഞ മുതിര്‍ന്ന നേതാവായ കപില്‍ സിബലിന്‍റെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊണ്ട് ചീമുട്ടയെറിയിക്കുകയാണ്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തെറ്റായ തീരുമാനങ്ങള്‍ എടുത്ത് ഈ അവസരം ഇല്ലാതാക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.
അഭിപ്രായം പറയാന്‍ മുതിര്‍ന്ന നേതാക്കള്‍ പോലും കോണ്‍ഗ്രസ് വിടുന്ന അവസ്ഥയാണ്. കേരളത്തിലെ സ്ഥിതിയും ഇതു തന്നെയാണ്. വി.എം സുധീരനെ പോലൊരു നേതാവ് പാര്‍ട്ടി പദവികള്‍ രാജിവച്ചു. പദവികളില്ലാത്തതിനാല്‍ ചെന്നിത്തല ട്രസ്റ്റിലെ പദവികള്‍ രാജിവക്കുകയാണ്. ഇത് കോണ്‍ഗ്രസിലെ തകര്‍ച്ചക്ക് തെളിവാണ്.
കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു വരും. കോണ്‍ഗ്രസ് വിട്ടു വരുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഎം അടുത്തയാഴ്‌ച സ്വീകരണം നല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
Also read: പുനസംഘടനയില്‍ തഴഞ്ഞു, അവഗണന സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്ന് സോളമൻ അലക്‌സ്