തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്‌ക്കെതിരായുള്ള വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഗവർണർക്ക് നൽകാതെ സർക്കാർ. ബാർ ഉടമയായ ബിജു രമേശിന്‍റെ ആരോപണത്തിൽ ചെന്നിത്തലയ്ക്ക് എതിരെ അന്വേഷണത്തിന് കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. തുടർന്ന് അനുമതി തേടി ഫയൽ ഉടൻ ഗവർണർക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയമപരമായ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാലാണ് ഫയൽ കൈമാറാൻ വൈകുന്നതെന്നാണ് സൂചന.
അതേസമയം രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സർക്കാർ നിയമസഭ സ്പീക്കർക്കും കത്ത് നൽകിയിട്ടുണ്ട്. ബാർ ലൈസൻസ് അനുവദിച്ച് കിട്ടാന്‍ അന്ന് കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തല, മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്ക് പണം നൽകിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. തുടർന്ന് ഇതിൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിന് വിജിലിൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.
പിന്നീട് മൂവർക്കും എതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. എന്നാൽ ക്യാബിനറ്റ് പദവി ഉള്ളതിനാൽ രമേശ് ചെന്നിത്തലയ്ക്ക് എതിരെയും മുൻ മന്ത്രിമാരായതിനാൽ വി.എസ് ശിവകുമാറിനെതിരെയും കെ.ബാബുവിനെതിരെയും അന്വേഷണം നടത്താന്‍ ഗവർണറുടെ അനുമതി വേണം. അതേസമയം ബിജു രമേശിന്‍റെ ആരോപണത്തിൽ തെളിവില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കാണിച്ച് അന്വേഷണ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഗവർണർക്ക് ചെന്നിത്തല കത്ത് നൽകിയിട്ടുണ്ട്. ഇതോടെ കേസിൽ അനുമതി നൽകുന്നത് സംബന്ധിച്ച് നിയമോപദേശം തേടാന്‍ ഗവർണർ തീരുമാനിച്ചു. ആരോപണം ഉയർന്നപ്പോൾ ചെന്നിത്തല കെപിസിസി പ്രസിഡന്‍റായിരുന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.