തിരുവനന്തപുരം : സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം പുലയനാര്‍കോട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് മികവുറ്റ കേന്ദ്രമായി വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് സന്ദര്‍ശിച്ച് ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അത്യാധുനിക സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഡെക്‌സാ യൂണിറ്റ്, ലാബ്, പൊഡിയാട്രി എന്നിവിടങ്ങളുടെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. ദേശീയ തലത്തില്‍ ഐസിഎംആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസും സംയുക്തമായി പ്രമേഹത്തേയും മറ്റ് ജീവിത ശൈലീ രോഗങ്ങളേയും പറ്റി നടത്തിയ പഠനം സംബന്ധിച്ച് മന്ത്രി ഡോക്‌ടര്‍മാരുമായി ചര്‍ച്ച നടത്തി.
18 വയസിന് മുകളിലുള്ള 24 ശതമാനത്തിലധികം പേര്‍ പ്രമേഹ രോഗികളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് വികസിപ്പിക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. പുലയനാര്‍കോട്ടയിലെ നെഞ്ചുരോഗാശുപത്രിയും ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു.
50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് നെഞ്ചുരോഗാശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.