തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിതരണത്തിൽ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ആരോപണങ്ങള്‍ മന്ത്രി തള്ളി. മുഴുവന്‍ ജനങ്ങള്‍ക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം. സമ്പൂര്‍ണ വാക്‌സിനേഷനിലൂടെ മാത്രമേ രോഗത്തെ പൂര്‍ണമായും പ്രതിരോധിക്കാനാകൂവെന്ന് വ്യക്തമായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു.
രണ്ടാം ഡോസ് ദേശീയ ശരാശരിയേക്കാൾ ഇരട്ടി
എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള വാക്‌സിന്‍ ലഭ്യതയെ ആശ്രയിച്ചാണിത്. കഴിയുന്നത്ര ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. സംസ്ഥാനത്ത് ഇതിനകം 42.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. രണ്ടാം ഡോസ് വാക്‌സിന്‍ ലഭിച്ചവരുടെ കണക്കില്‍ സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ആവശ്യമായ അളവില്‍ വാക്‌സിന്‍ ലഭിച്ചാല്‍ ഒരു മാസത്തില്‍ ഒരു കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
READ MORE: കൊവിഡ് നിയന്ത്രണം: കേരളത്തിന്‍റെ ശ്രമങ്ങൾ വിജയകരമെന്ന് വീണ ജോർജ്