തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തില്‍ കേരളം നടത്തിയ ശ്രമങ്ങള്‍ വിജയകരമെന്ന് അവകാശപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തില്‍ ജനസംഖ്യയുടെ പകുതിയിലധികം പേരും രോഗം വരാത്തവരും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വൈറസില്‍ നിന്ന് സംരക്ഷിതരാണെന്നും മന്ത്രി അവകാശപ്പെട്ടു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേരളം ഏറ്റവും പിന്നിലെന്ന് ദേശീയതലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് അക്കാര്യം നിഷേധിച്ച് മന്ത്രി രംഗത്തെത്തിയത്.
മന്ത്രിയുടെ പ്രത്യേക പ്രസ്‌താവന
നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യ മന്ത്രി. കേരളത്തില്‍ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ വ്യാപന തീവ്രത കുറച്ചു നിര്‍ത്തുന്നതിനാണ് തുടക്കം മുതല്‍ ശ്രമിച്ചു പോരുന്നത്. ദേശീയ ശരാശരിയുടെ ഇരട്ടി ജനസാന്ദ്രതയും ജീവിത ശൈലീ രോഗങ്ങളുടെ ആധിക്യമുള്ളതുമായ കേരളത്തില്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ടെസ്റ്റുകള്‍ നടത്തിയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കി നിരീക്ഷിച്ചുമുള്ള ഇടപെടലുകളിലൂടെ രോഗ നിയന്ത്രണത്തിന് നടത്തിയ ശ്രമങ്ങള്‍ വിജയകരമാണെന്നാണ് ഐ.സി.എം.ആറിന്‍റെ സീറോ പ്രിവലന്‍സ് സ്റ്റഡി വ്യക്തമാക്കുന്നത്.
കേരളത്തിലെ ജനങ്ങള്‍ പൂര്‍ണ തോതില്‍ നല്‍കുന്ന പിന്തുണയും സഹകരണവുമാണ് മികച്ച രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.