തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് കാരണം മുന്‍കരുതല്‍ എടുക്കുന്നതിലെ പൊലീസ് വീഴ്‌ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്നാണ് ലഭിച്ച വിവരം. അക്രമികള്‍ക്ക് സര്‍ക്കാര്‍ പരോക്ഷ പിന്തുണ നല്‍കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
മുഖ്യമന്ത്രി നിലപാടില്‍ തിരുത്തല്‍ വരുത്തണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. നഗരത്തിലെ വെള്ളകിണറിൽ വെച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ 11 പേര്‍ പിടിയിലായിട്ടുണ്ട്. ഇവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. സംഘം എത്തിയത് ആംബുലൻസിലാണെന്ന വിവരത്തില്‍ വെള്ളക്കിണറിൽ നിന്ന് ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ALSO READ: ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു; പ്രതികളെ പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ ശനിയാഴ്‌ച രാത്രി വെട്ടേറ്റു മരിച്ചിരുന്നു. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എസ്.ഡി.പി.ഐ ആരോപിയ്‌ക്കുകയുണ്ടായി. പിന്നാലെയാണ് ഒ.ബി.സി മോര്‍ച്ച നേതാവിന്‍റെ കൊലപാതകം.