തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസ് സമയത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് മുമ്പ് എല്ലാം വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇപ്പോൾ എവിടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസും കെ.സുരേന്ദ്രന്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസും ഒത്തു തീർപ്പാക്കാന്‍ അണിയറയില്‍ നീക്കം നടക്കുകയാണ്. സ്വര്‍ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കുന്നതിനാണ് ഇ.ഡിക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും വി.ഡി സതീശൻ ആരോപിച്ചു.
'സ്വര്‍ണക്കടത്ത്, കുഴൽപ്പണക്കേസുകൾ ഉടന്‍ ഒത്തു തീര്‍പ്പാക്കും'
കുഴല്‍പ്പണക്കേസും സ്വര്‍ണക്കടത്ത് കേസും അന്വേഷണം നിലച്ച മട്ടാണ്. എന്തുകൊണ്ട് എല്ലാ ഏജന്‍സികളും ഒരുമിച്ചു അന്വേഷണം നിര്‍ത്തി. കുഴപ്പണക്കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജനില്‍ നിന്ന വ്യക്തമായ വിവരം ലഭിച്ചിട്ടും ബിജെപി സംസ്ഥാന അധ്യക്ഷന് മൂന്ന് മാസം കഴിഞ്ഞ് നോട്ടീസ് നല്‍കിയതിന്‍റെ ഉദ്ദേശം എന്താണെന്നും വി.ഡി സതീശൻ ചോദിച്ചു.
കേസില്‍ പ്രതിയാകേണ്ട ആള്‍ എങ്ങനെ സാക്ഷിയായി. കുഴല്‍പ്പണക്കേസിന്‍റെ സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ കേരള പൊലീസ് അന്വേഷണത്തിനൊപ്പം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കൂടി നടത്തിയിരുന്നെങ്കില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമായിരുന്നു. രണ്ടു കേസുകളും സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്തു തീര്‍പ്പാക്കാന്‍ പോകുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
സര്‍ക്കാര്‍ നിയമ വിരുദ്ധമായി നീങ്ങിയതു കൊണ്ടാണ് ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. ഇത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും സതീശന്‍ പറഞ്ഞു.
READ MORE: 'മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തി'; സരിത്തിന്‍റെ മൊഴി പുറത്ത്