തിരുവനന്തപുരം: ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ മുഖ്യമന്ത്രി പറയാതെ പൊതുഭരണ വകുപ്പ് സെക്രട്ടറി വിയോജന കുറിപ്പ് എഴുതില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥനെ ബലികൊടുക്കുകയാണുണ്ടായത്. സർക്കാർ പൊതുഭരണ സെക്രട്ടറിയുടെ തലവെട്ടി വെള്ളി പാത്രത്തിൽ വച്ചു. താനറിയാതെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി അതൃപ്‌തി രേഖപ്പെടുത്തിയതെങ്കിൽ അക്കാര്യം മുഖ്യമന്ത്രി പറയട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
ഗവർണറും സർക്കാരും ഒരുമിച്ചല്ലെന്ന് കാണിക്കാനാണ് ഈ നാടകങ്ങൾ. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാൻ ഭരണഘടന ബാധ്യത ഉണ്ടായിരിക്കെ ഗവർണർ അനാവശ്യ സമ്മർദം ചെലുത്തി. സർക്കാരിന്‍റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ടു നിൽക്കുകയാണ്. ഗവർണർ സംഘപരിവാർ ഏജന്‍റായി മാറി. ഗവർണറും സർക്കാരും നിയമസഭയെ അവഹേളിച്ചു. ഗവർണർക്കും സർക്കാരിനുമെതിരാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധമെന്നും വി ഡി സതീശൻ പറഞ്ഞു.
'പ്രതിപക്ഷവുമായി ആലോചിച്ച് ജനാധിപത്യപരമായി നിലപാട് എടുക്കേണ്ടിയിരുന്നു'
നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും ഗവർണർക്കൊപ്പമുള്ള ഫോട്ടോ സെഷൻ ബഹിഷ്‌കരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർ കൂടി ഒരു അധികാര കേന്ദ്രമായി മാറിയിരിക്കുന്നു. ഗവർണർ എന്ത് പറയുന്നു എന്ന് നോക്കേണ്ട സ്ഥിതിയാണ്. ഗവർണർ സമർദം ചെലുത്തിയപ്പോൾ സർക്കാർ കീഴ്‌പ്പെടുന്നതിനു പകരം പ്രതിപക്ഷവുമായി ആലോചിച്ച് ജനാധിപത്യപരമായി നിലപാട് എടുക്കേണ്ടിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെയുള്ള ഗവർണറുടെ സമ്മർദ്ദവും അതിനു വഴങ്ങിക്കൊടുത്ത സർക്കാർ നിലപാടും തെറ്റാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
READ MORE: നിയമസഭ സമ്മേളനത്തിന് തുടക്കമായി; ഗവര്‍ണറെ 'ഗോ ബാക്ക്' വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു